/kalakaumudi/media/media_files/2025/07/09/ana-2025-07-09-13-26-27.jpg)
ഭോപ്പാല്‍ : ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന വത്സല ചരിഞ്ഞു. 100 വയസ്സില്‍ കൂടുതല്‍ പ്രായം കണക്കാക്കപ്പെടുന്ന വത്സല മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു കഴിഞ്ഞുവന്നിരുന്നത്. കേരളത്തില്‍ നിന്ന് നര്‍മ്മദാപുരത്തേക്ക് കൊണ്ടുവന്ന ആനയെ പിന്നീട് പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചായിരുന്നു വത്സല ചരിഞ്ഞത്.
ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് വത്സലയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതായി മധ്യപ്രദേശ് ഔദ്യോഗികമായി അറിയിച്ചു. വാര്‍ദ്ധക്യത്തെ തുടര്‍ന്ന് ഏറെ നാളുകളായി അവശതയില്‍ ആയിരുന്നു. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നതിനാല്‍ ഏറെ നാളുകളായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വത്സല കഴിഞ്ഞിരുന്നത്.
വര്‍ഷങ്ങളോളം പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണം ആയിരുന്നു വത്സല. ഏറ്റവും പ്രായം കൂടിയ ആനയായതിനാല്‍ റിസര്‍വിലെ മുഴുവന്‍ ആനക്കൂട്ടത്തെയും നയിച്ചിരുന്നത് വത്സലയായിരുന്നു. മറ്റ് പെണ്‍ ആനകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമ്പോള്‍ വത്സല ഒരു മുത്തശ്ശിയെ പോലെ പരിചരിച്ചിരുന്നതായി കടുവാസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ അനുസ്മരിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മുന്‍കാലുകളിലെ നഖങ്ങളില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് വത്സല റിസര്‍വിലെ ഹിനൗട്ട പ്രദേശത്തെ ഖൈരയാന്‍ ജലാശയത്തിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ ഇവിടെവെച്ച് തന്നെ വത്സലക്ക് ചികിത്സ നല്‍കി വന്നിരുന്നു. ഒടുവില്‍ ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കേരളത്തിലെ നിലമ്പൂര്‍ വനത്തില്‍ ആയിരുന്നു വത്സലയുടെ ജനനം. 1971 ല്‍ ആണ് വത്സലയെ കേരളത്തില്‍ നിന്നും മധ്യപ്രദേശിലേക്ക് കൊണ്ടുപോയത്.