അസമില്‍ ട്രെയിനിടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു; രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

ആനക്കൂട്ടത്തെ ഇടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. എന്നാല്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വക്താവ് അറിയിച്ചു.

author-image
Biju
New Update
assam 2

ദിസ്പൂര്‍: അസമിലെ ഹോജായ് ജില്ലയില്‍ ട്രെയിനിടിച്ച് എട്ട് ആനകള്‍ ചരിഞ്ഞു. സൈറാംഗ് - ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ 2.17-ഓടെ ഹോജായ് ജില്ലയിലെ ചാങ്ജുറായി മേഖലയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

ആനക്കൂട്ടത്തെ ഇടിച്ചതിനെത്തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. എന്നാല്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ വക്താവ് അറിയിച്ചു. അപകടത്തില്‍ ഒരു ആനയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

മിസോറാമിലെ സൈറാംഗില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് പോവുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. കാടിനുള്ളിലൂടെയുള്ള റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിനിടയിലേക്കാണ് അതിവേഗത്തില്‍ വന്ന ട്രെയിന്‍ ഇടിച്ചുകയറിയത്.

സംഭവസ്ഥലത്ത് നാഗോണ്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സുഹാസ് കടം ഉള്‍പ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ജമുനാമുഖ് - കാമ്പൂര്‍ സെക്ഷനിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതുവഴിയുള്ള ട്രെയിനുകള്‍ നിലവില്‍ മറ്റ് പാതകളിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ട്രാക്കില്‍ കുടുങ്ങിയ ട്രെയിന്‍ മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.