അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറി തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള ഖനിയില്‍ തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ അകപ്പെട്ടത്. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
30 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും എട്ട് തദ്ദേശ ദുരന്തനിവാരണ സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരെ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. വിശാഖപട്ടണത്തുനിന്നും തിരിച്ച ഇവര്‍ വൈകാതെ സംഭവസ്ഥലത്ത് എത്തിച്ചേരുമെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ രക്ഷിക്കാന്‍ ചൊവ്വാഴ്ച രാവിലെ സൈന്യം ഉമറാങ്‌സോയിലെത്തിയതായി ഗുവാഹാട്ടിയിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് മഹേന്ദര്‍ റാവത്ത് അറിയിച്ചു. ഖനിക്കുള്ളിലകപ്പെട്ട ഒന്‍പത് ത്തൊഴിലാളികളുടെ പേരുവിവരം തിങ്കളാഴ്ച അര്‍ധരാത്രിയോടുകൂടി മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു.
ഏകദേശം മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. ഇതില്‍ നൂറടി താഴ്ചയില്‍വരെ വെള്ളമെത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മേഘാലയ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് അപകടം സംഭവിച്ച കല്‍ക്കരി ഖനി സ്ഥിതിചെയ്യുന്നത്. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ ഖനനരീതിയാണ് ഇവിടങ്ങളിലുള്ളത്. 'റാറ്റ് ഹോള്‍ മൈനിങ്' എന്ന പേരിലറിയപ്പെടുന്ന ഇത്തരം ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്.