അസം ഖനി അപകടം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് ഖനിത്തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. അസംമേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഖനിയിലാണ് അപകടമുണ്ടായത്.

author-image
Prana
New Update
assam mine

അസമിലെ ദിമാ ഹസാവു ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട മൂന്നു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഖനി അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് ഖനിത്തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. അസംമേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്ന അഞ്ചു പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മൂന്ന് മൃതദേഹങ്ങളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 27കാരനും ദിമാ ഹസാവു സ്വദേശിയുമായ ലിഗന്‍ മഗറുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണെന്ന് അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
310 അടി ആഴമാണ് ഖനിക്കുള്ളത്. ഖനിയില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുകയാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണിത്. അതേസമയം, ഉംറാങ്‌സോയിലേത് അനധികൃത ഖനിയല്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച ഖനിയാണിത്. അസം മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴിലായിരുന്നു ഈ ഖനിയെന്നും ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഖനിയില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാന്‍ വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടത്തുന്നത്. ഖനിയില്‍ എത്തിയ വെള്ളം ഇപ്പോള്‍ കല്‍ക്കരിയുമായി കൂടികലര്‍ന്ന നിലയിലാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. 

 

assam coal mine accident death