/kalakaumudi/media/media_files/2025/08/19/karan-2025-08-19-12-42-25.jpg)
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്‍, കരണ്‍ഥാപ്പര്‍ എന്നിവര്‍ക്കെതിരെ അസം പൊലീസ് കേസെടുത്തു. രണ്ടുപേര്‍ക്കും ഗുവാഹത്തി പൊലീസ് സമന്‍സ് അയച്ചു. ഏത് കേസിലാണ് സമന്‍സ് അയച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഓഗസ്റ്റ് 22ന് ഇരുവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ ഇരുവരെയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ പൊലീസ് വിശദീകരിച്ചിട്ടില്ലെന്ന് പിടിഐ പറയുന്നു. വരദരാജന് ഓഗസ്റ്റ് 14നാണ് നോട്ടിസ് ലഭിച്ചത്. കരണ്‍ഥാപ്പറിന് ഇന്നലെയും.
നോട്ടിസിലെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറാണ് സമന്‍സ് അയച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197 (1) (D)/3(6), 353 വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്ന പ്രവൃത്തികള്‍ക്കെതിരെയാണ് സെക്ഷന്‍ 152 ചുമത്തുന്നത്.