കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ബംഗാളി നടിക്ക് നേരെ ആക്രമണം. നടി പായൽ മുഖർജിയെ ആണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.
സംഭവത്തിൻറെ വീഡിയോ നടി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു യുവാവ് കാറിന് മുമ്പായി ഇരുചക്ര വാഹനം നിർത്തി തന്നോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്ന് പായൽ പറഞ്ഞത്. പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ യുവാവ് നടിയുടെ കാറിൻറെ വലതുവശത്തെ വിൻഡോ ഗ്ലാസ് കല്ലു കൊണ്ട് ഇടിച്ചുതകർത്തു. ചില്ലുകൊണ്ട് പായലിൻറെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. ''നമ്മൾ എവിടെയാണ് നിൽക്കുന്നത്. വൈകുന്നേരങ്ങളിൽ ജനത്തിരക്കേറിയ ഒരു തെരുവിൽ ഒരു സ്ത്രീയെ ഇത്തരത്തിൽ പീഡിപ്പിക്കാൻ കഴിയുമെങ്കിൽ എന്തൊരു അവസ്ഥയാണ്. സ്ത്രീസുരക്ഷയുടെ വിഷയത്തിൽ നഗരത്തിലുടനീളം നടക്കുന്ന റാലികൾക്കിടയിലാണ് ഇത് സംഭവിക്കുന്നത്'' വീഡിയോയിൽ നടി പൊട്ടിക്കരയുന്നത് കാണാം.
ആളൊഴിഞ്ഞ സ്ഥലത്താണ് ഇത് നടന്നിരുന്നതെങ്കിൽ തനിക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കുമ്പോൾ വിറയ്ക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. പായൽ മുഖർജിയുടെ പരാതിയെ തുടർന്നാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ സർക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖർജിയുടെ വീഡിയോയും പോസ്റ്റ് ചെയ്തു.