An army personnel was critically injured when suspected terrorists opened fire on a sentry post of an army camp
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്. ഒരു സൈനികന് പരിക്കേറ്റു. ഭീകരരെ കണ്ടെത്താനായി സൈന്യം പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങി. സൈന്യത്തിനൊപ്പം പൊലീസും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാവിലെ സൈനിക കേന്ദ്രത്തിന് പുറത്ത് കവാടത്തിന് സമീപത്തു നിന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സൈനിക പോസ്റ്റിലുണ്ടായിരുന്ന ജവാന്മാര്‍ തിരിച്ചും വെടിവെച്ചു. അല്‍പ്പ സമയത്തിനകം വെടിവെപ്പ് അവസാനിപ്പിച്ച് ഭീകരര്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു. രാവിലെ 10.30നും 11 മണിക്കും ഇടയ്ക്കായിരുന്നു വെടിവെപ്പ്. പിന്നാലെ ഭീകരരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങി.