/kalakaumudi/media/media_files/2025/01/13/IU5EfUj1zEXM6BYnbxCA.jpg)
Representational Image
ചെന്നൈ: ചെന്നൈയില്‍ ഓട്ടോറിക്ഷാ നിരക്കു വര്‍ധന പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് ഓട്ടോ ഡ്രൈവര്‍മാരുടെ സംഘടനകളുടെ കൂട്ടായ്മ നിരക്ക് കൂട്ടുന്നത്. 2013ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ 12 വര്‍ഷത്തിനു ശേഷവും പുതുക്കി നിശ്ചയിക്കാത്തതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ നിരക്കുവര്‍ധന പ്രഖ്യാപിച്ചത്.
മിനിമം നിരക്ക് 50 രൂപയായിരിക്കും. ആദ്യ 1.8 കിലോമീറ്ററിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതവുമാകും പുതിയ നിരക്ക്. മിനിറ്റിന് 1.50 രൂപ വെയ്റ്റിങ് ചാര്‍ജ് ഈടാക്കും.
രാത്രി 11 മുതല്‍ രാവിലെ 5 വരെയുള്ള സമയത്ത് 50 ശതമാനം അധിക നിരക്കും ഈടാക്കുമെന്നാണു പ്രഖ്യാപനം. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. 2022 ഫെബ്രുവരിക്കുള്ളില്‍ ഓട്ടോ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന കോടതി നിര്‍ദേശവും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആരോപിച്ചു.
കോടതി നിര്‍ദേശത്തെ തുടര്‍ന്നു ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. 12 വര്‍ഷമായി നിരക്കു വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് മീറ്ററിന് അനുസൃതമായി നിരക്ക് ഈടാക്കുന്ന രീതി തന്നെ മിക്ക ഡ്രൈവര്‍മാരും ഉപേക്ഷിച്ച സ്ഥിതിയാണ്.
ഇക്കാലയളവില്‍ ഇന്ധനവിലയിലും ഇന്‍ഷുറന്‍സ്, ആര്‍ടിഒ ഫീസ്, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില തുടങ്ങിയവയിലും വന്‍ വര്‍ധന ഉണ്ടായി. ഇത് കണക്കിലെടുത്താല്‍ കിലോമീറ്ററിന് 18 രൂപയെന്നതു പോലും കുറഞ്ഞ തുകയാണെന്നാണ് ഡ്രൈവ്രര്‍മാരുടെ വാദം.
1.8 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് മിനിമം നിരക്ക് 25 രൂപയായും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപ വീതവുമായാണ് 2013ല്‍ ഓട്ടോ നിരക്ക് നിശ്ചയിച്ചിരുന്നത്. നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും സംഘടിപ്പിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരുടെ 13 സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു.