/kalakaumudi/media/media_files/2024/12/02/VkVoWQGZt8sK9xJGiWm6.jpg)
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. കര്‍ണാടക ഉത്തര കന്നഡ ജില്ലയിലെ ജോഗന്‍കൊപ്പയിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി നവീന്‍ നാരായണാണ് മരിച്ചത്. ഞായാറാഴ്ച്ച രാത്രിയാണ് സംഭവം.
വീട്ടില്‍ വച്ച് ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടയില്‍ അത് പൊട്ടി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന് കുടുംബാംഗങ്ങളും പോലീസും വ്യക്തമാക്കി. ബലൂണ്‍ വായില്‍വച്ച് പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ശ്വാസം കിട്ടാതെ പ്രയാസപ്പെട്ട കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബറില്‍ ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു. സിദ്ധ്പൂര്‍ഗഡിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം വിദ്യാര്‍ഥിയായ വിവേക് കുമാറാണ് അന്ന് മരിച്ചത്. സ്‌കൂളിലെ ഗേറ്റിന് സമീപം നിന്ന് ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ പെട്ടെന്ന് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.