പ്രതിഷേധ ചൂടിൽ ബം​ഗ്ലാദേശ്; ഏറ്റുമുട്ടലിൽ 32 പേർ കൊല്ലപ്പെട്ടു

സർക്കാർമേഖലയിലെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

author-image
Vishnupriya
New Update
beng
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ബം​ഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീ​ഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 32 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. സർക്കാർമേഖലയിലെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

അതേസമയം, ബം​ഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പരും അധികൃതർ നൽകിയിട്ടുണ്ട്.

ആഴ്ചകൾ മുമ്പ്, സർക്കാർ സർവീസിലെ ക്വാട്ട സമ്പ്രദായം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ സംഘർഷമുണ്ടായിരുന്നു. 150-ലധികം പേർ കൊല്ലപ്പെടുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം.

ഞായറാഴ്ച വൈകീട്ട് ആറ് മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി ബം​ഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തുടനീളം കലാപമുണ്ടാക്കുന്നവർ വിദ്യാർഥികളല്ല മറിച്ച് തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.

സംവരണവിഷയത്തിൽ ബം​ഗ്ലാദേശ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അന്നത്തെ പ്രക്ഷോഭം തണുത്തത്. സർക്കാർ സർവീസിലെ സംവരണത്തില്‍ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് അഞ്ചായി കുറച്ചു.

bengladesh