/kalakaumudi/media/media_files/2026/02/26/anil-ambu-2026-02-26-15-15-30.jpg)
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ വ്യവസായി അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുംബൈയിലെ വസതി ഉൾപ്പെടെ 3,716 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) ആരോപണവിധേയമായി ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി.മുംബൈയിലെ പാലി ഹിൽ പരിസരത്തെ 'അബോഡ്' എന്ന വീടുൾപ്പെടെയാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.
66 മീറ്റർ ഉയരവും 17 നിലകളുമുള്ളതാണ് ഈ കെട്ടിടം. 473.17 കോടിയാണ് ഈ കെട്ടിടത്തിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടിയതിന് പുറമെ ചോദ്യം ചെയ്യലിനായി അനിൽ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് അംബാനിയെ കേസിൽ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നൽകിയത്.റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് (ആർസിഎഫ്എൽ) എന്നിവയുടെ യെസ് ബാങ്കുമായി ബന്ധപ്പെട്ട പൊതു ഫണ്ട് വകമാറ്റി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. 2017-2019 കാലയളവിൽ നടന്ന ഇടപാടുകളാണ് കേസിന് ആധാരം. ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12,000 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരെ മൂന്ന് ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ) ഫയൽ ചെയ്യുകയും ചെയ്തു.റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ 2,965 കോടി രൂപയും, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡിൽ 2,045 കോടി രൂപയും യെസ് ബാങ്ക് നിക്ഷേപിച്ചിരുന്നു.
തൊട്ടുപിന്നാലെ, 2019 ഡിസംബറോടെ ഈ രണ്ട് സ്ഥാപനങ്ങളും 'നിഷ്‌ക്രിയ' ആസ്തികളായി മാറുകയായിരുന്നു. യെസ് ബാങ്ക് അനിൽ അംബാനി കമ്പനികൾക്ക് നൽകിയ 3,000 കോടിയുടെ വായ്പയിൽ വഴിവിട്ട ഇടപാടുകൾ നടന്നു മറ്റൊരു ആരോപണം. അംബാനിയുടെ കമ്പനികൾക്ക് വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രമോട്ടർമാരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തി എന്നാണ് ഇഡി കണ്ടെത്തൽ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
