/kalakaumudi/media/media_files/2025/10/17/mehul-2025-10-17-21-54-03.jpg)
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യക്കു കൈമാറാന്‍ ആന്റ്വെര്‍പ്പ് കോടതി ഉത്തരവിട്ടു. ചോക്‌സിയെ അറസ്റ്റു ചെയ്ത ബെല്‍ജിയന്‍ അധികൃതരുടെ നടപടി കോടതി ശരിവച്ചു. ചോക്‌സിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട ആദ്യ നിയമ നടപടി ഇതോടെ വ്യക്തമായെന്ന്, മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ആവശ്യപ്രകാരം മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റു ചെയ്ത് അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് സുപ്രധാന വിധി. അതേസമയം, കീഴ്ക്കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ ചോക്‌സിക്ക് അവസരമുണ്ട്. ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ ചോക്സിയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കുമെന്ന് ഇന്ത്യ ബെല്‍ജിയം സര്‍ക്കാരിന് ഉറപ്പു നല്‍കി ഒരു മാസത്തിന് പിന്നാലെയാണ് ഉത്തരവ്. സിബിഐയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഏപ്രിലിലാണ് ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റു ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട കേസിലെ പ്രധാന പ്രതികളിലൊരാളാണ് മെഹുല്‍ ചോക്‌സി. ഇയാളുടെ അനന്തരവന്‍ നീരവ് മോദിയാണ് മറ്റൊരു പ്രധാന പ്രതി. നീരവ് മോദി നിലവില്‍ ലണ്ടനിലെ ജയിലിലാണ്. തട്ടിപ്പു വിവരം പുറത്തുവരുന്നതിന് ഏതാനും ദിവസം മുന്‍പാണ് മെഹുല്‍ ചോക്സിയും നീരവ് മോദിയും ഇവരുടെ കുടുംബവും ഇന്ത്യ വിട്ടത്. ചോക്സി ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പില്‍ താമസിച്ചുവരികയായിരുന്നു.
2018 ല്‍, മുംബൈയിലെ പിഎന്‍ബി ബ്രാഡി ഹൗസ് ശാഖയില്‍ വായ്പാ തട്ടിപ്പ് നടത്തിയതിനായിരുന്നു മെഹുല്‍ ചോക്സിക്കും നീരവ് മോദിയ്ക്കും എതിരെ കേസെടുത്തത്. ഇരുവരെയും കുടുംബാംഗങ്ങളെയും ജീവനക്കാരെയും ബാങ്ക് ഉദ്യോഗസ്ഥരെയും മറ്റു ചിലരെയും അന്വേഷണ ഏജന്‍സികള്‍ കേസില്‍ പ്രതിചേര്‍ത്തിരുന്നു. മുംബൈ കോടതി 2018 ലും 2021 ലും പുറപ്പെടുവിച്ച അറസ്റ്റു വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോക്‌സിയെ കസ്റ്റഡിയിലെടുത്തത്.