ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; ബിസിനസ് കോറിഡോര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍

ഏറെക്കാലമായി തടസ്സപ്പെട്ടു കിടന്ന ഈ റോഡ് പദ്ധതിക്ക് ബെംഗളൂരു ബിസിനസ് കോറിഡോര്‍ എന്ന പുതിയ പേരാണ് കര്‍ണാടക മന്ത്രിസഭ നല്‍കിയിരിക്കുന്നത്.

author-image
Biju
New Update
bengaluru

ബെംഗളുരു: ഗതാഗതക്കുരുക്കിന്റെ പേരില്‍ കുപ്രസിദ്ധമായ ബെംഗളൂരു നഗരത്തെ ഈ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാനായി 117 കിലോമീറ്റര്‍ നീളമുള്ള പെരിഫറല്‍ റിംഗ് റോഡ് (PRR) പദ്ധതിക്ക് പുതിയ രൂപത്തില്‍ അംഗീകാരം നല്‍കി. 

ഏറെക്കാലമായി തടസ്സപ്പെട്ടു കിടന്ന ഈ റോഡ് പദ്ധതിക്ക് ബെംഗളൂരു ബിസിനസ് കോറിഡോര്‍ എന്ന പുതിയ പേരാണ് കര്‍ണാടക മന്ത്രിസഭ നല്‍കിയിരിക്കുന്നത്. ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ (BDA) കീഴില്‍ നടപ്പാക്കുന്ന ഈ പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


ഈ പുതിയ വികസനം പ്രഖ്യാപിച്ചുകൊണ്ട്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഈ പദ്ധതി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു 'ചരിത്രപരമായ കാല്‍വെപ്പായിരിക്കും' എന്ന് അഭിപ്രായപ്പെട്ടു.
'ബെംഗളൂരു ശ്വാസം മുട്ടുകയാണ്. ഞങ്ങള്‍ക്ക് ഗതാഗതക്കുരുക്ക് കുറയ്ക്കണം. 1,900 കുടുംബങ്ങളെ ഇത് ബാധിക്കുമെന്ന് എനിക്കറിയാം, പക്ഷേ നഷ്ടപരിഹാരമായി അവര്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ തുക സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നാണ്,' അദ്ദേഹം പറഞ്ഞു.

ഈ കോറിഡോര്‍ പ്രവര്‍ത്തനക്ഷമമായാല്‍ നഗരത്തിലെ ഗതാഗതത്തില്‍ 40 ശതമാനം കുറവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ശിവകുമാര്‍ അറിയിച്ചു. കാരണം, ഹൈവേകള്‍ക്കും വ്യാവസായിക മേഖലകള്‍ക്കുമിടയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ നഗരത്തിന്റെ പ്രധാന ഭാഗം ഒഴിവാക്കി യാത്ര ചെയ്യും.

'ചില ഭൂവുടമകള്‍ ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചാല്‍, ഞങ്ങള്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ നിക്ഷേപിച്ച് മുന്നോട്ട് പോകും. ഒരു കാരണവശാലും ഭൂമി ഡി-നോട്ടിഫൈ ചെയ്യില്ല,' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

പദ്ധതിയുടെ യഥാര്‍ത്ഥ എസ്റ്റിമേറ്റ് 27,000 കോടി രൂപയായിരുന്നെങ്കിലും, കൂടുതല്‍ കര്‍ഷകര്‍ പണത്തിന് പകരം ഭൂമിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം തിരഞ്ഞെടുക്കുന്നതിനാല്‍ നിലവിലെ ചെലവ് 10,000 കോടി രൂപയില്‍ താഴെയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂമി ഏറ്റെടുക്കലിനുള്ള അഞ്ച് നഷ്ടപരിഹാര പാക്കേജുകള്‍

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി, ബാധിക്കപ്പെട്ട കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കുമായി സര്‍ക്കാര്‍ അഞ്ച് ഓപ്ഷനുകളുള്ള പുതിയ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്


പണമായി നഷ്ടപരിഹാരം: 2023 ഒക്ടോബറിലെ നിരക്കനുസരിച്ച്, നഗരപ്രദേശങ്ങളില്‍ ഗൈഡന്‍സ് മൂല്യത്തിന്റെ ഇരട്ടിയും നഗരപരിധിയില്‍ നിന്ന് 5 കിലോമീറ്ററിനുള്ളിലുള്ള ഗ്രാമപ്രദേശങ്ങളില്‍ ഗൈഡന്‍സ് മൂല്യത്തിന്റെ മൂന്നിരട്ടിയും പണമായി നല്‍കും.

വികസന അവകാശ കൈമാറ്റം (TDR): ബൃഹത് ബെംഗളൂരു മഹാനഗര പാലിക (BBMP) മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഗൈഡന്‍സ് മൂല്യത്തിന്റെ ഇരട്ടിക്ക് തുല്യമായ TDR നല്‍കും.

കൂടുതല്‍ ഫ്‌ലോര്‍ ഏരിയ റേഷ്യോ (FAR/FSI): പദ്ധതിയുടെ അരികിലുള്ള ശേഷിക്കുന്ന ഭൂമിയില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ ഫ്‌ലോര്‍ ഏരിയ റേഷ്യോ അനുവദിക്കും.

വികസിപ്പിച്ച ഭൂമി: വാസസ്ഥലങ്ങളില്‍ അര ഏക്കറിലധികം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് സമീപത്തുള്ള ലേഔട്ടുകളില്‍ 40 ശതമാനം വികസിപ്പിച്ച ഭൂമി സര്‍ക്കാര്‍ നല്‍കും.

വികസിപ്പിച്ച വാണിജ്യ പ്ലോട്ടുകള്‍: വികസിപ്പിച്ച വാണിജ്യ ഭൂമിയുടെ കാര്യത്തില്‍, പദ്ധതിയുടെ അരികിലുള്ള 35 മീറ്റര്‍ വാണിജ്യ ഇടനാഴിയില്‍ 35 ശതമാനം വികസിപ്പിച്ച പ്ലോട്ടുകള്‍ നല്‍കും. ചെറിയ ഭൂവുടമകള്‍ക്ക് ഇതിനുപകരം പണമായി നഷ്ടപരിഹാരം ലഭിക്കും.

ബെംഗളൂരു ബിസിനസ് കോറിഡോര്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന നടപടി മാത്രമല്ല, വാണിജ്യ-വ്യാവസായിക വികസനത്തിനായി വലിയ ഭൂപ്രദേശങ്ങള്‍ തുറന്നുകൊടുക്കുമെന്നും, അതുവഴി നഗരത്തെ ഒരു പ്രധാന നിക്ഷേപ കേന്ദ്രമായി വളരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Bengaluru