കരള്‍ മാറ്റത്തിന് 30 കിലോമീറ്റര്‍ മെട്രോയാത്ര; ശസ്ത്രക്രിയ വിജയം

വൈറ്റ്ഫീല്‍ഡിലെ വൈദേഹി ആശുപത്രിയില്‍ നിന്ന് രാജരാജേശ്വരി നഗറിലെ സ്പര്‍ശ് ആശുപത്രിയിലേക്കാണ് കരള്‍ മെട്രോയില്‍ കൊണ്ടു പോയത്. ബെംഗളൂരു മെട്രോയില്‍ ആദ്യമായിട്ടാണ് ശസ്ത്രക്രിയയ്ക്ക് അവയവം കൊണ്ടു പോകുന്നത്

author-image
Biju
New Update
metro

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെടാതിരിക്കാന്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള കരള്‍ 30 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയത് മെട്രോയില്‍. അവയവം കൃത്യസമയത്തെത്തിച്ച് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

വൈറ്റ്ഫീല്‍ഡിലെ വൈദേഹി ആശുപത്രിയില്‍ നിന്ന് രാജരാജേശ്വരി നഗറിലെ സ്പര്‍ശ് ആശുപത്രിയിലേക്കാണ് കരള്‍ മെട്രോയില്‍ കൊണ്ടു പോയത്. ബെംഗളൂരു മെട്രോയില്‍ ആദ്യമായിട്ടാണ് ശസ്ത്രക്രിയയ്ക്ക് അവയവം കൊണ്ടു പോകുന്നത്. രാജ്യത്ത് ഇതു രണ്ടാം തവണയാണ് അവയവം കൊണ്ടുപോകാന്‍ മെട്രോ ഉപ യോഗിക്കുന്നതെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി) അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8.38നു വൈദേഹി ആശുപത്രിയില്‍ നിന്ന് അവയവം ആംബുലന്‍സില്‍ വൈറ്റ്ഫീല്‍ഡ് മെട്രോ സ്റ്റേഷനില്‍ എത്തിച്ചു. ഡോക്ടറും 7 മെഡിക്കല്‍ സ്റ്റാഫും കൂടെ ഉണ്ടായിരുന്നു. മെട്രോ സ്റ്റേഷനില്‍ ആവശ്യമായ സുരക്ഷാ പരിശോധനകള്‍ക്കു ശേഷം 8.42നു പുറപ്പെട്ട മെട്രോ 9.48നു രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷനിലെത്തി. 

തുടര്‍ന്ന് ഇവിടെ കാത്തുനിന്ന മെട്രോ ജീവനക്കാര്‍ മെഡിക്കല്‍ സംഘത്തെ ആംബുലന്‍സിന് അടുത്തെത്തിച്ചു. അവയവം കൃത്യസമയത്ത് തന്നെ സ്പര്‍ശ് ആശുപത്രിയില്‍ എത്തിക്കാനായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിഎംആര്‍സിയുടെ യാത്രാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അവയവം കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

bengaluru metro