/kalakaumudi/media/media_files/GKaYAnLBSpaGfqIu7225.jpeg)
ധാക്ക: ബംഗ്ലദേശിലെ ആഭ്യന്തര കലാപത്തിൽ മുൻ ഷെയ്ഖ് ഹസീന സർക്കാരിലെ വിദേശകാര്യമന്ത്രി ഹസൻ മഹമൂദിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ധാക്ക വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് സൈന്യത്തിന് കൈമാറുകയും ചെയ്തത്. ഹസനൊപ്പം അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, ഷെയ്ഖ് ഹസീന നാടുവിട്ടതിന് പിന്നാലെ ഹസീന മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടത്തോടെ ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൊഹീബുൽ ഹസൻ ചൗധരി, സഹകരണ മന്ത്രി മുഹമ്മദ് തൻസുൽ ഇസ്ലാം, ധനമന്ത്രി അബ്ദുൽ ഹസൻ മഹമൂദ് അലി, സ്പോർട്സ് മന്ത്രി നസമുൽ ഹസൻ പാപോൻ, വിവിധ നഗരങ്ങളിലെ മേയർമാർ, സുപ്രീംകോടതി ജഡ്ജിമാർ തുടങ്ങിയവരാണ് ബംഗ്ലദേശിൽനിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പോയത്.
കലാപ ഭൂമിയിൽ നിന്നും 20 അവാമിനേതാക്കളുടെതും അവരുടെ കുടുംബാംഗങ്ങളുടേതുമായി 29 മൃതദേഹങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചൊവ്വാഴ്ച കണ്ടെത്തി. ഹസീന രാജ്യംവിട്ട വിവരം പുറത്തുവന്നതോടെ കലാപകാരികൾ അവാമി പ്രവർത്തകരെയും വീടുകളെയും ലക്ഷ്യം വെയ്ക്കുകയായിരുന്നു. ഒരു ഇന്തൊനേഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്.