ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനം തുടര്‍ച്ചയായ മൂന്നാം തവണയും റദ്ദാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം ഈ മാസം 10 ന് പതിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിനു പിന്നാലെ സുരക്ഷാ വിഷയങ്ങള്‍ പരിഗണിച്ചു നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുവെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ആഭ്യന്തര വിഷയങ്ങളാണ് കാരണമെന്ന് സൂചനയുണ്ട്. 'ഇന്ത്യയും ഇസ്രയേലും തമ്മിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തമ്മിലുമുള്ള ബന്ധം വളരെ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനായി പുതിയൊരു തീയതി ഏകോപിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിച്ചുവരികയാണ്.' ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നെതന്യാഹു ഡിസംബര്‍ പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. വരുന്ന വര്‍ഷം നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഐ24ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, സ്‌ഫോടനത്തെയും നെതന്യാഹുവിന്റെ സന്ദര്‍ശനത്തെയും ബന്ധിപ്പിക്കുന്നതു നിരുത്തരവാദപരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് നെതന്യാഹു ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്നത്. ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളും ഇടക്കാല തിരഞ്ഞെടുപ്പ് സാധ്യതകളും ചൂണ്ടിക്കാട്ടി ഏപ്രിലിലും സെപ്റ്റംബറിലും നടത്താനിരുന്ന സന്ദര്‍ശനങ്ങളില്‍ നിന്ന് നെതന്യാഹു പിന്‍മാറിയിരുന്നു. വര്‍ഷത്തില്‍ ഒന്നിലേറെ തവണ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്നത് ഇതാദ്യമല്ല. 2019 ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ചൂണ്ടികാട്ടി രണ്ടു തവണയാണ് സന്ദര്‍ശനം മാറ്റിയത്. 2018 ലാണ് നെതന്യാഹു ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ജനുവരി 14 മുതല്‍ 19 വരെ ആറു ദിവസത്തെ സന്ദര്‍ശനം, ചരിത്രത്തില്‍ ഒരു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ മാത്രം ഇന്ത്യാ സന്ദര്‍ശനമായിരുന്നു. 2017-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്കു നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു അത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
