കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ;ചർച്ചകൾ സജീവം

തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള പാർട്ടിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് അധികാരമാറ്റം പരിഗണിക്കുന്നത്

author-image
Devina
New Update
benni

ന്യൂഡൽഹി: മുതിർന്ന നേതാവും മുൻ യുഡിഎഫ് കൺവീനറുമായ ബെന്നി ബെഹനാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്നും മത്സരിക്കുന്നതിനാൽ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ബെന്നിയുടെ പേരിനാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻതൂക്കം.

നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. പുതിയ അധ്യക്ഷനെ സംബന്ധിച്ച് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ നിന്ന് ബെന്നി ബെഹനാന്റെ പേരിനാണ് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള പാർട്ടിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് അധികാരമാറ്റം പരിഗണിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ.

പകരം തെരഞ്ഞെടുപ്പ് വേളയിൽ സംഘടനാശേഷിയും, പരിചയസമ്പന്നനുമായ നേതാവ് എന്ന നിലയിലാണ് ബെന്നി ബെഹനാന്റെ പേര് പരിഗണിക്കുന്നത്. സമുദായ സമവാക്യങ്ങൾ സന്തുലിതമാക്കാൻ കഴിവുള്ള ഒരു സമവായ സ്ഥാനാർത്ഥിയായും ബെന്നിയെ നേതാക്കൾ കാണുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഇക്കാര്യത്തിലും തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.