/kalakaumudi/media/media_files/2025/02/20/T8lbHqPeRbfdEeI2pA8n.jpg)
ന്യൂഡല്‍ഹി: കേരളത്തിലെ ഭൂമി തരം മാറ്റലിന് ചെലവേറും. 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നല്‍കിയാല്‍ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് മാരായ സഞ്ജയ് കരോള്‍, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെത് ഉത്തരവ്.
2021 ഫെബ്രുവരി 25-ന് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട ഇളവ് സര്‍ക്കാര്‍ വരുത്തിയത്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലുള്ള ഭൂമി ഭൂമി തരം മാറ്റുകയാണെങ്കില്‍ ആകെയുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് നല്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരെ സംസ്ഥാനം നല്‍കിയ അപ്പീലില്‍ ആണ് സുപ്രീം കോടതി ഉത്തരവ്.