രാജ്യ ചരിത്രത്തിലെ നീറുന്ന നോവാണ് ഭോപ്പാല്‍ വിഷവാദക ദുരന്തം. ജീവജാലങ്ങള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ കവര്‍ന്നെടുത്ത ഭോപ്പാല്‍ ദുരന്തം നടന്നിട്ട് 40 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അതിന്റെ ദുരന്തം പേറിയായിരുന്നു ഇത്രനാളും അവിടത്തുകാര്‍ ജീവിച്ചിരുന്നത്. എന്നാല്‍ ഇനി അങ്ങനെയല്ല.
1984ല്‍ രാജ്യത്തെ നടുക്കിയ വിഷവാതക ദുരന്തത്തിന് ശേഷം വിഷവാതകത്തില്‍ നിന്നും ഭോപ്പാല്‍ മോചനം നേടിയിരിക്കുകയാണ്. ദുരന്തം നടന്ന് നാല് പതിറ്റാണ്ടിന് ശേഷമാണ് ഭോപ്പാല്‍ ഈ നേട്ടം കൈവരിക്കുന്നത്. വാതകദുരന്തത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് 12 കണ്ടെയ്‌നര്‍ ലോറികളിലാണ് അപകടകരമായ വിഷവസ്തുക്കള്‍ നീക്കം ചെയ്തത്. 337 മെട്രിക്ടണ്‍ മാലിന്യങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്.
ഭോപ്പാലില്‍ നിന്ന് പിതാംപൂരിലേക്കാണ് മാലിന്യങ്ങള്‍ മാറ്റിയത്. ആംബുലന്‍സുകള്‍, അഗ്നിശമന സേന എന്നിവയുടെ അകമ്പടിയോടെ 250 കിലോമീറ്റര്‍ ഹരിത ഇടനാഴി വഴിയാണ് വിഷമാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഭോപ്പാലില്‍ നിന്നും അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും അകമ്പടി വാഹനത്തിനൊപ്പം ഉണ്ടായിരുന്നു. ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്.
വിഷമാലിന്യങ്ങള്‍ ഭോപ്പാലിലെ ഉപയോഗ ശൂന്യമായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലാണ് സൂക്ഷിച്ചുവച്ചിരുന്നത്.12 പ്രത്യേകം രൂപകല്പന ചെയ്ത ലീക്ക് പ്രൂഫ്, ഫയര്‍ റെസിസ്റ്റന്റ്, കണ്ടെയ്നറുകളിലാണ് ഇത് നീക്കം ചെയ്തത്.30 ടണ്‍ മാലിന്യങ്ങളാണ് ഓരോ കണ്ടെയ്‌നറുകളിലായി നീക്കം ചെയ്യുന്നത്.രാസപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ജംബോ എച്ച്ഡിപിഇ ബാഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്.ഷിഫ്റ്റിങ്ങിന് മുന്നോടിയായി ഫാക്ടറിയുടെ 200 മീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ അടച്ചിരുന്നു.പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ട് 30 ഷിഫ്റ്റുകളിലായി 200 ഓളം തൊഴിലാളികളാണ് ഇതിന്റെ ഭാഗമായി ജോലി ചെയ്തത്.
എന്നാല്‍ മാലിന്യങ്ങള്‍ എത്തിച്ചതോടെ പീതാംപൂരില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.ഇവിടെ സൂക്ഷിക്കുന്നതിന് പലതരം മാലിന്യങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കണമെന്നാണ് പ്രതിഷേധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.മധ്യപ്രദേശിലെ ഏക അത്യാധുനിക സംസ്‌കരണ പ്ലാന്റാണ് പിതാംപൂരിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്.സെന്‍ട്രല്‍ പൊല്യൂഷന്‍ കണട്രോണ്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റാംകി എന്‍വിറോ എന്‍ജിനീയര്‍മാരാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.മറ്റൊരു ഭോപ്പാല്‍ ഇവിടെ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.
മുപ്പതിനായിത്തിനടുത്ത് ജീവനെടുത്ത മഹാവിപത്തായിരുന്നു 1984ലെ ഭോപ്പാല്‍ ദുരന്തം.ഡിസംബര്‍ രണ്ടിന് ദുരന്തത്തിന്റെ നാല്‍പതാം വാർഷികം പിന്നിട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക ദുരന്തങ്ങളില്‍ ഒന്നാണ് ഭോപ്പാല്‍ ദുരന്തം.അമേരിക്കന്‍ സ്ഥാപനമായ യൂണിയന്‍ കാര്‍ബൈഡ് കോപ്പറേഷന്റെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കീടനാശിനി പ്ലാന്റില്‍ നിന്നും 45 ടണ്‍ അപകടകരമായ വാതകം മീഥൈല്‍ ഐസോസയനേറ്റ് ആണ് ചോര്‍ന്നത്.ഈ വിഷവാതകം ഭോപ്പാലിലെ ജനവാസ മേഖലകളില്‍ അപകടകരമായ രീതിയില്‍ പടര്‍ന്ന് നിമിഷനേരം കൊണ്ട് ആയിരകണക്കിന് ജനങ്ങള്‍ മരിച്ചു വീഴുകയായിരുന്നു.
1984 ഡിസംബര്‍ 2, 3, തിയതികള്‍ക്കിടയിലെ അര്‍ദ്ധരാത്രിയിലാണ് പ്ലാന്റില്‍ നിന്നും വിഷവാതകം ചോര്‍ന്നത്. ആയിരകണക്കിന് മനുഷ്യര്‍ ശ്വാസം കിട്ടാതെ പിടഞ്ഞു, മരിച്ചു വീണു,ചിലര്‍ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ഇന്നും മരിച്ചു ജീവിക്കുന്നു.അതിജീവിച്ച മനുഷ്യര്‍ ശ്വാസകോശ രോഗങ്ങള്‍,അര്‍ബുദം, അന്ധത,വിഷവാതകത്തിന്റെ സമ്പര്‍ക്കം മൂലമുണ്ടായ നിത്യരോഗങ്ങളുമായി ജീവിക്കുന്നു.അപകടത്തെ തുടര്‍ന്ന് മലിനമായ മണ്ണും വെള്ളവും കൊണ്ട് പ്രദേശവാസികള്‍ക്ക് വിട്ടു മാറാത്ത അസുഖങ്ങളും ശാരീരിക വൈകല്യങ്ങളും ഉണ്ടായി.