ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ മരുന്ന് ഫാക്ടറി യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 15 മരണം. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസൻഷ്യ അഡ്വാൻസ്ഡ് സയൻസസിന്‍റെ ഫാക്ടറി യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. 33 ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റു. ഫാക്ടറി യൂണിറ്റിൽ കുടുങ്ങി കിടന്ന 13 പേരെ രക്ഷപ്പെടുത്തി.രണ്ട് ഷിഫ്റ്റുകളിലായി 391 തൊഴിലാളികളാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നത്. ഉച്ചഭക്ഷണ സമയത്ത് സ്ഫോടനം നടന്നതിനാൽ അപകടമുണ്ടായ സ്ഥലത്ത് ജീവനക്കാരുടെ സാന്നിധ്യം കുറവായിരുന്നു. ഇത് മരണസംഖ്യ ഉയരാതിരിക്കാൻ കാരണമായി.
കമ്പനിയിൽ സ്ഥാപിച്ച റിയാക്ടറിന്‍റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാർ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ പറഞ്ഞു. കെമിക്കൽ റിയാക്ടറിൽ പൊട്ടിത്തെറി ഉണ്ടായതായി ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട തീപിടുത്തമാണ് സംഭവത്തിന് പിന്നിലെന്ന് അധികൃതർ സംശയിക്കുന്നു