/kalakaumudi/media/media_files/2025/11/14/prasanth-2025-11-14-11-39-58.jpg)
പട്ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. ചില എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ പൂജ്യം സീറ്റുകളാണ് പാര്‍ട്ടിക്കെന്ന് പറഞ്ഞിരുന്നത്. അത് ഏറെക്കുറെ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അഭിഭാഷകരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ പ്രമുഖരെ സ്ഥാനാര്‍ഥികളാക്കിയാണ് ജെഎസ്പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, അതൊന്നും പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ബിഹാറില്‍ 150 സീറ്റിനു മുകളില്‍ കിട്ടുമെന്നും അതില്‍ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് വേളയില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞത്. റോഹ്താസ് ജില്ലയിലെ കൊണാര്‍ ഗ്രാമത്തില്‍ നിന്നുള്ള കിഷോര്‍, സംസ്ഥാനത്തെ 243 മണ്ഡലങ്ങളിലും ജന്‍ സുരാജ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ദര്‍ഭംഗ, ജോകിഹട്ട് (അരാരിയ), മര്‍ഹൗറ (സരണ്‍), ചിരായ (കിഴക്കന്‍ ചമ്പാരന്‍) എന്നിവയുള്‍പ്പെടെ ഏകദേശം 15 സീറ്റുകളില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അതെല്ലാം യാഥാര്‍ത്ഥ്യമല്ലാതെയായിരിക്കുന്നു.
48 കാരനായ കിഷോര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന നേതാവായി ഉയര്‍ന്നു വന്നേക്കില്ല എങ്കിലും, ജന്‍ സുരാജ് അതിന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ സൃഷ്ടിച്ച കോളിളക്കം ആര്‍ക്കും നിഷേധിക്കാനാവില്ല. തൊഴില്‍, കുടിയേറ്റം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയൊക്കെ ചൂണ്ടിക്കാട്ടിയാണ് കിഷോര്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പക്ഷേ, സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ജന്‍ സുരാജിന് വലിയ സ്വീകാര്യത ലഭിച്ചില്ല.
ഇതിനു പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു. ഒന്ന്, ബിഹാറിലുടനീളം രണ്ട് വര്‍ഷത്തെ പദയാത്രയ്ക്ക് ശേഷം 2024 ഒക്ടോബര്‍ 2 ന് മാത്രമാണ് കിഷോര്‍ പാര്‍ട്ടി സ്ഥാപിച്ചത്. ബിഹാര്‍ പോലുള്ള ഒരു സംസ്ഥാനത്ത് ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മൂന്ന് വര്‍ഷത്തെ കാലയളവ് പര്യാപ്തമല്ല. രണ്ടാമതായി, ബിഹാര്‍ ആഴത്തില്‍ വേരൂന്നിയ ജാതി ഘടനയ്ക്ക് മുകളില്‍ ഉയര്‍ന്നുവരുന്നത് ഏതൊരു പാര്‍ട്ടിക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
