/kalakaumudi/media/media_files/2025/10/14/bihar-2025-10-14-15-46-41.jpg)
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ 71 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയത്. എന്‍ഡിഎയുടെ സീറ്റ് വിഭജനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
താരാപൂര്‍ നിയമസഭാ സീറ്റിലാകും സാമ്രാട്ട് ചൗധരി മത്സരിക്കുക. ബീഹാര്‍ മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി രേണു ദേവി ബെട്ടിയയില്‍ നിന്ന് മത്സരിക്കും. മുതിര്‍ന്ന ബിജെപി നേതാവ് രാം കൃപാല്‍ യാദവ് ദനാപൂരില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് കതിഹാറില്‍ നിന്നും മത്സരിക്കും. പ്രേം കുമാര്‍ ഗയയില്‍ നിന്നും, അലോക് രഞ്ജന്‍ ഝാ സഹര്‍സയില്‍ നിന്നും, മംഗള്‍ പാണ്ഡെ സിവാനില്‍ നിന്നും മത്സരിക്കും.
അതേസമയം, സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ്, സീറ്റു വിഭജനത്തിലെ അനിശ്ചിതത്വം സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളിലൂടെ പരിഹരിച്ചതായി സാമ്രാട്ട് ചൗധരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഏതു പാര്‍ട്ടി ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും, പോസിറ്റീവ് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, അദ്ദേഹം പറഞ്ഞിരുന്നു.
ഞായറാഴ്ചയാണ് എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ധാരണ. 243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് (എല്‍ജെപി ആര്‍) 29 സീറ്റുകളും, ആര്‍എല്‍എമ്മും എച്ച്എഎമ്മും 6 സീറ്റുകള്‍ വീതവും ലഭിച്ചിരുന്നു.
നവംബര്‍ 6, 11 തീയതികളില്‍ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ സഖ്യവും തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കും ജെഡിയുവിനുമായി 117 സീറ്റുകള്‍ ലഭിച്ചിരുന്നു.
ജൂണ്‍ 24ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ്‌ഐആ) നടത്താന്‍ നിര്‍ദേശിച്ചതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ബിഹാറില്‍ നടക്കുന്നത്. ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് 68.5 ലക്ഷം പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെട്ടി മാറ്റിയിരുന്നു. കമ്മിഷന്‍ പുറത്തുവിട്ട അന്തിമ വോട്ടര്‍ ലിസ്റ്റില്‍ 7.42 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍(എസ്‌ഐആര്‍) ആരംഭിക്കുന്നതിന് മുന്‍പ് ബിഹാറിലെ വോട്ടര്‍മാരുടെ എണ്ണം 7.89 കോടി ആയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
