കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികളിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി

പ്രതിഷേധിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കൊല്‍ക്കത്ത പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിക് വളണ്ടിയറായ ഗംഗാസാഗര്‍ ഗോള്‍ഡ് വാഹനം കയറ്റിയത്.

author-image
Prana
New Update
kolkata volunteer
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബൈക്ക് ഇടിച്ചുകയറ്റി സിവിക് വളണ്ടിയര്‍. പ്രതിഷേധിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കൊല്‍ക്കത്ത പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിക് വളണ്ടിയറായ ഗംഗാസാഗര്‍ ഗോള്‍ഡ് വാഹനം കയറ്റിയത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ഗംഗാസാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തങ്ങളിലൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് ഗംഗാസാഗറിനെ വളഞ്ഞ പ്രതിഷേധക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥന്‍ തരകേശ്വര്‍ പുരിക്കെതിരെയുള്ള പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബിടി റോഡില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മദ്യപിച്ചു കൊണ്ട് ഗംഗാസാഗര്‍ വാഹനം ഇടിച്ചു കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ വരികയും ഗംഗാസാഗറിനെ വളഞ്ഞ് പ്രതിഷേധിക്കുകയുമായിരുന്നു. വാഹനം ഇടിച്ചുകയറ്റുന്നതിന്റെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഗംഗാസാഗര്‍ ആദ്യം പ്രതിഷേധക്കാരോട് കയര്‍ത്ത് സംസാരിച്ചെങ്കിലും പിന്നീട് മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം. പക്ഷേ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ വിടാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ കുറേകാലമായി മാപ്പ് നല്‍കുകയാണെന്നും അതാണ് ഇപ്പോഴത്തെ അവസ്ഥയുടെ കാരണമെന്നും വിളിച്ച് പറയുന്നൊരാളെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് പ്രതിഷേധക്കാരില്‍ നിന്നും ഗംഗാസാഗറിനെ മാറ്റി നിര്‍ത്താന്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതോടെ വാക്ക് തര്‍ക്കമുണ്ടാകുകയായിരുന്നു. സംഭവത്തില്‍ ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ ബിടി റോഡ് ഉപരോധിച്ചു. രാവിലെ 9.30 വരെ പ്രതിഷേധം സംഘടിപ്പിച്ചു. ഗംഗാസാഗറിന്റെ അറസ്റ്റിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഓഗസ്റ്റ് ഒമ്പതിന് ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങള്‍ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പിന്നാലെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ ഉറപ്പും നിര്‍ദേശവും ലഭിച്ചതിന് പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിച്ച് ജോലിക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Kolkata doctor murder Bike accident students protest