/kalakaumudi/media/media_files/2025/11/06/train-2025-11-06-08-51-25.jpg)
റായ്പൂര്‍: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധിപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ഇതില്‍ 14 പേരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വൈകിട്ട് നാലുമണിയോടെ ചരക്കുതീവണ്ടിയും മെമു ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.
കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റും മരിച്ചു. മെമു ട്രെയിന്‍ ചരക്കുതീവണ്ടിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് ബിലാസ്പൂര്‍ കളക്ടര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.അപകടത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാകുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും കളക്ടര്‍ അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറുകയും നിരവധി കോച്ചുകള്‍ പാളം തെറ്റുകയും ചെയ്തു. ബിലാസ്പൂര്‍-കാട്‌നി സെക്ഷനിലാണ് അപകടം.അപായ സിഗ്‌നല്‍ കണ്ടിട്ടും മെമു ട്രെയിന്‍ മുന്നോട്ടുവരികയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ അടിയന്തര ധനസഹായം റെയില്‍വേ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയുടെയും ധനസഹായം റെയില്‍വേ പ്രഖ്യാപിച്ചു.
റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി. പോലീസിന്റെയും റെയില്‍വേയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തെ സംബന്ധിച്ച് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒ പറഞ്ഞു.
ബിലാസ്പൂരില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള മെഡിക്കല്‍ യൂണിറ്റുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്ന് ഐ ജി ഡോ. സഞ്ജീവ് ശുക്ല പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ഈ റൂട്ടിലോടുന്ന ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പാളത്തിലെ തടസങ്ങള്‍ നീക്കാനും ഗതാഗതം പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികാണ്.
അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍ലൈന്‍ നമ്പറുകള്‍ തുടങ്ങി.
ബിലാസ്പൂര്‍- 7777857335, 7869953330
ചമ്പ - 8085956528
റായ്ഗഡ് - 9752485600
പെന്ദ്ര റോഡ്- 8294730162
കോര്‍ബ- 7869953330
ഉസ്ലാപൂര്‍-7777857338
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
