ജബല്‍പൂരിലെ മലയാളി വൈദികര്‍ക്ക് ക്രൂര മര്‍ദനം; നിലപാടില്‍ ഉറച്ച് വിഎച്ച്പി

മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെ വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകളെത്തി വാഹനം തടയുകയും ആക്രമണം നടത്തുകയുമായിരുന്നു.

author-image
Biju
New Update
DSGF

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവ വിശ്വാസി സംഘത്തെ വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാളികളായ വൈദികരെ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചുവെന്ന് ആരോപണം.

ക്രൂരമായ മര്‍ദനം ഏറ്റുവെന്ന് മര്‍ദനമേറ്റ മലയാളികളായ ഫാദര്‍ ഡേവിസ് ജോര്‍ജും, ഫാദര്‍ ജോര്‍ജും പറഞ്ഞു. വിഎച്ച്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയത് ഗുണ്ടായിസമായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചു.

ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും മലയാളി വൈദികരായ ഫാദര്‍ ഡേവിസ് ജോര്‍ജും ഫാദര്‍ ജോര്‍ജും പറയുന്നു. വാഹനം തടഞ്ഞ് വിശ്വാസികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ സഹായിക്കാന്‍ പോയതായിരുന്നു ഇരുവരും. പൊലീസ് സ്റ്റേഷനകത്ത് നടന്ന ആക്രമണം ഞെട്ടിക്കുന്നതാണ്. ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പ്രതികരിച്ചു. സ്ത്രീകള്‍ അടക്കമുള്ളവരുടെ സംഘം പൊലീസുകാരുടെ മുന്നില്‍വച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത്. മണ്ട്‌ലയില്‍ വ്യാപകമായി നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുവെന്നും ബസില്‍ യാത്ര ചെയ്യുകയായിരുന്ന പലരുടെയും രേഖകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ ആണെന്ന് മനസിലായെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.

മേഖലയിലെ ഒരു ബിഷപ്പ് ശ്രീരാമനെതിരെ മോശം പരാമര്‍ശവും നടത്തിയെന്ന് വിഎച്ച്പി ആരോപിച്ചു. നിര്‍ബന്ധിത മത പരിവര്‍ത്തണത്തിനും, ശ്രീരാമന് എതിരെയുള്ള പരമര്‍ശത്തിലും ഇന്ന് മധ്യപ്രദേശില്‍ പ്രതിഷേധിക്കും എന്നും സംഘടന അറിയിച്ചിട്ടുണ്ട്. 

മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെ വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകളെത്തി വാഹനം തടയുകയും ആക്രമണം നടത്തുകയുമായിരുന്നു.