/kalakaumudi/media/media_files/2025/08/06/kamal-2025-08-06-18-07-57.jpg)
ചെന്നൈ: സനാതനധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ നടനും എംപിയുമായ കമല്‍ ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് ബിജെപി. ബിജെപി സംസ്ഥാന സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഡി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
'നേരത്തെ ഉദയനിധി സ്റ്റാലിനായിരുന്നു. ഇപ്പോള്‍, സനാതന ധര്‍മ്മം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കമലാണ്. നമുക്ക് അവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകള്‍ കാണരുതെന്ന് ഞാന്‍ എല്ലാ ഹിന്ദുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. ഒടിടിയില്‍ പോലും കാണരുത്. നമ്മള്‍ ഇത് ചെയ്താല്‍, ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ വേദനിപ്പിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ പൊതു വേദികളില്‍ അവര്‍ പങ്കിടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ് നടന്‍ സൂര്യ നടത്തുന്ന അഗരം ഫൗണ്ടേഷന്‍ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. 'രാഷ്ട്രത്തെ മാറ്റാന്‍ വിദ്യാഭ്യാസത്തിന് മാത്രമേ ശക്തിയുള്ളൂ. സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ പൊട്ടിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്', എന്നായിരുന്നു നടന്‍ പരാമര്‍ശിച്ചത്. നീറ്റ് പരീക്ഷയ്‌ക്കെതിരെയായിരുന്നു കമല്‍ ഹാസന്റെ രൂക്ഷ വിമര്‍ശനം.
നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും നിരവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്‌ക്കെതിരെ പലഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് തുടരുന്നതിനിടെ ഉണ്ടായ കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പരാമര്‍ശം അനാവശ്യമാണെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിന്റെ പ്രതികരണം. ചടങ്ങില്‍ സനാതനത്തെക്കുറിച്ച് സംസാരിച്ചത് തെറ്റാണ്, കാരണം ആരും വിദ്യാഭ്യാസത്തെ സനാതനത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ 2023-ല്‍ നടത്തിയ സനാതന ധര്‍മത്തിനെതിരായ പരാമര്‍ശം വലിയ വിവാദമായിരുന്നു. സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്യേണ്ടതുപോലെ സനാതനത്തെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.