/kalakaumudi/media/media_files/2025/09/03/modi-2025-09-03-16-05-28.jpg)
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമ്മയ്ക്കുമെതിരായ അസഭ്യ മുദ്രാവാക്യത്തിൽ വിമർശനം കടുപ്പിച്ച് ബിജെപി. രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനടക്കമുള്ള വനിതാ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. പ്രതിപക്ഷത്തിനെതിരായ നീക്കത്തിന്‍റെ നേതൃത്വം നരേന്ദ്രമോദി ഏറ്റെടുത്തതിന് പിന്നാലെയാണ് വനിതാ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഇതുവരെ വിഷയത്തിൽ പ്രതികരിക്കാത്തതാണ് ബിജെപി ആയുധമാക്കുന്നത്.
കോൺഗ്രസ് ബിഹാറിലെ പ്രാദേശിക നേതാവിന്‍റെ പരാമർശത്തെ അപലപിക്കുകയെങ്കിലും വേണമെന്ന് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും മുൻ കേന്ദമന്ത്രി സ്മൃതി ഇറാനിയും വിവിധ സംസ്ഥാനങ്ങളിലെ വനിതാ എംപിമാരും ഇന്ന് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.
വിമർശനം കടുക്കുമ്പോഴും കോൺഗ്രസ് വിവാദത്തിൽനിന്നും അകന്നുനിൽക്കുകയാണ്. നേതാക്കളാരും ഇതുവരെ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മോദി വൈകാരികമായി പ്രതികരിച്ചതിന് പിന്നാലെ വനിതകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് ആർജെഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുദ്രാവാക്യം വിളിക്കുന്ന സമയത്ത് രാഹുലും തേജസ്വിയും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. അസഭ്യ മുദ്രാവാക്യത്തിൽ പ്രതിഷേധിച്ച് നാളെ എൻഡിഎ ബീഹാറിൽ ബന്ദ് ആചരിക്കും. അവശ്യസേവനങ്ങളെ ബന്ദിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.