/kalakaumudi/media/media_files/2025/11/24/mamata-2025-11-24-20-19-08.jpg)
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ബിജെപി ലക്ഷ്യമിടുന്നത് 160ല്‍ അധികം സീറ്റുകളെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിക്കും ബിഹാറിനും ഒഡീഷയ്ക്കും പിന്നാലെ ബംഗാള്‍ കൂടി പിടിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലെ വന്‍ വിജയത്തിനു പിന്നാലെ 'മിഷന്‍ ബംഗാളി'ന് ബിജെപി തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ മിഷന്‍ ബംഗാളിന്റെ ഭാഗമായി ബിജെപി ഉന്നം വയ്ക്കുന്നുണ്ട്. കോണ്‍ഗ്രസിനെതിരെ മുന്‍പ് പയറ്റിയ കുടുംബ രാഷ്ട്രീയം മമതക്കെതിരെ പ്രചാരണ ആയുധമാക്കാനാണ് ബിജെപി നീക്കം. മമത ബാനര്‍ജി തന്റെ അനന്തരവനെ ഭാവി മുഖ്യമന്ത്രിയായി വോട്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ബിജെപി ഇപ്പോഴേ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
2021ല്‍ അഭിഷേക് ബാനര്‍ജിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഒരു കാലത്ത് മമതയുടെ വിശ്വസ്തനായ സുവേന്ദു അധികാരി കളം മാറ്റി ചവിട്ടിയത്. മമത ബാനര്‍ജിയുടെ വലംകയ്യായിരുന്ന സുവേന്ദു അധികാരി, നന്ദിഗ്രാം മണ്ഡലത്തില്‍ മമതയെ തന്നെ ബിജെപി ടിക്കറ്റില്‍ പരാജയപ്പെടുത്തിയിരുന്നു. 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി 77 സീറ്റുകളും 38 ശതമാനം വോട്ടുമാണ് ബംഗാളില്‍ നേടിയിരുന്നത്. തൃണമൂലിന്റെ വോട്ട് വിഹിതം 48 ശതമാനമാണ്. അതായത് 10 ശതമാനം വോട്ടുകളുടെ വ്യത്യാസം. മികച്ച മുന്നേറ്റം നടത്തിയാല്‍ ബംഗാളില്‍ ഭരണമാറ്റം സംഭവിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 294 അംഗ നിയമസഭയില്‍ 224 ആണ് തൃണമൂലിന്റെ അംഗബലം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
