ബിജെപി സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് പണം തട്ടൽ; കേന്ദ്രമന്ത്രിയുടെ ബന്ധുവിനെതിരെ കേസ്

ദേവാനന്ദ് ഫൂലെ സിങ് ചവാനെ സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞ് തന്റെ പക്കൽനിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് സുനിതയുടെ പരാതി. ഗോപാലിന്റെ നിർദേശപ്രകാരം വിജയലക്ഷ്മിയുടെ വീട്ടിലാണ് പണം ഏൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

author-image
anumol ps
New Update
bjp flag

ബെംഗളൂരു: ജെ.ഡി.എസ്. മുൻ എം.എൽ.എ.യെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനുൾപ്പെടെ മൂന്നാളുകളുടെപേരിൽ കേസ്. പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി, ഗോപാലിന്റെ മകൻ അജയ് ജോഷി, ബന്ധു വിജയലക്ഷ്മി എന്നിവരുടെ പേരിലാണ് ബസവേശ്വര നഗർ പോലീസ് കേസെടുത്തത്.

നാഗഠാണ മുൻ എം.എൽ.എ. ദേവാനന്ദ് ഫൂലെ സിങ് ചവാന്റെ ഭാര്യ സുനിതാ ചവാൻ നൽകിയ പരാതിയിലാണ് കേസ്. ദേവാനന്ദ് ഫൂലെ സിങ് ചവാനെ സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞ് തന്റെ പക്കൽനിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് സുനിതയുടെ പരാതി. ഗോപാലിന്റെ നിർദേശപ്രകാരം വിജയലക്ഷ്മിയുടെ വീട്ടിലാണ് പണം ഏൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. വിജയപുര സീറ്റിനുവേണ്ടിയായിരുന്നു ഇത്.

സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ഗോപാലിനെ സമീപിച്ചപ്പോൾ 200 കോടി രൂപ ഒരു പദ്ധതിയിൽനിന്ന് ലഭിക്കാനുണ്ടെന്നും അതുകിട്ടിയാൽ പണം തിരിച്ചുതരാമെന്നും അറിയിച്ചു. പുറമേ 1.75 കോടി രൂപ 20 ദിവസത്തേക്ക് വായ്പയായി വാങ്ങുകയും ചെയ്തു. പണം തിരിച്ചുകിട്ടാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പലതവണയായി രണ്ടുകോടി രൂപ സുനിതാ ചവാൻ നൽകിയതായാണ് മനസ്സിലാക്കുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായും ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് അറിയിച്ചു.

അതേസമയം, സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഗോപാൽ ജോഷിയുമായി 30 വർഷമായി ബന്ധമില്ല. സാമ്പത്തിക ഇടപാട് നടത്താറില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 

BJP cheating case