bjp leader om birla elected as speaker of 18th lok sabha
ന്യൂഡൽഹി: രണ്ടാം തവണയും ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ബിജെപി നേതാവ് ഓം ബിർള.കോൺഗ്രസ് നേതാവും കേരളത്തിലെ മാവേലിക്കരയിൽ നിന്ന് എട്ട് തവണ എംപിയുമായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെതിരെയായിരുന്നു അദ്ദേഹം മത്സരിച്ചത്. കേന്ദ്രവും പ്രതിപക്ഷവും സമവായത്തിലെത്താത്തതിനെ തുടർന്നാണ് സ്പീക്കർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്.
1952ന് ശേഷം ഈ സ്ഥാനത്തേക്കുള്ള ആദ്യ വോട്ടാണിത്. ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. കോട്ട മണ്ഡലം കെട്ടിപ്പടുക്കാനുള്ള ബിർളയുടെ ശ്രമങ്ങളെയും നേതാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ എടുത്ത ചരിത്രപരമായ തീരുമാനങ്ങളെയും മോദി അഭിനന്ദിച്ചു.കഴിഞ്ഞ തവണ സ്പീക്കറായിരുന്ന ബിർളയുടെ അനുഭവസമ്പത്ത് രാജ്യത്തെ മുന്നോട്ടു നയിക്കാൻ സഹായിക്കുമെന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും ഓം ബിർളയ്ക്ക് ആശംസ അറിയിച്ചു.
പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നത്. മുമ്പ്, ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് മൂന്ന് തവണ മാത്രമേ നടന്നിട്ടുള്ളൂ: 1952, 1967, 1976. ലോക്‌സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സമവായത്തിലൂടെയാണ്. ഇത്തവണ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മൂന്ന് തവണ എംപിയായ ബിജെപിയുടെ ഓം ബിർളയും കേരളത്തിലെ മാവേലിക്കരയിൽ നിന്ന് എട്ട് തവണ എംപിയായ കോൺഗ്രസിൻ്റെ കൊടിക്കുന്നിൽ സുരേഷുമാണ് 18-ാം ലോക്‌സഭ സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
