ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചത് ഗുജറാത്ത് സ്വദേശി

മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍, ഗുജറാത്ത് സ്വദേശിയെന്ന് അവകാശപ്പെട്ട രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജ്‌കോട്ട് സ്വദേശിയെന്നാണ് ഇയാള്‍ പറഞ്ഞത്.

author-image
Biju
New Update
rekha

ന്യൂഡല്‍ഹി: ചില കടലാസുകള്‍ നല്‍കിയശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ യുവാവ് ആക്രമിച്ചതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍, ഗുജറാത്ത് സ്വദേശിയെന്ന് അവകാശപ്പെട്ട രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. രാജ്‌കോട്ട് സ്വദേശിയെന്നാണ് ഇയാള്‍ പറഞ്ഞത്. പേര് ഉള്‍പ്പെടെ ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഗുജറാത്ത് പൊലീസിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

'രാവിലെ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു യുവാവ് മുഖ്യമന്ത്രിയെ സമീപിച്ച് ചില രേഖകള്‍ നല്‍കി. തുടര്‍ന്ന്, അയാള്‍ മുഖ്യമന്ത്രിയെ തന്റെ അടുത്തേക്ക് വലിക്കാന്‍ ശ്രമിച്ചു' സച്ച്‌ദേവ പറഞ്ഞു. മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' മുഖ്യമന്ത്രി പരാതി കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പിന്നില്‍ നിന്ന് ബഹളം കേട്ടു. ഞങ്ങള്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും പൊലീസ് അക്രമിയെ കൊണ്ടുപോയിരുന്നു' ദൃക്സാക്ഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ബിജെപി നേതാക്കള്‍ പറഞ്ഞു. ബുധനാഴ്ചകളില്‍ മുഖ്യമന്ത്രി സ്ഥിരമായി ജനസമ്പര്‍ക്ക പരിപാടി നടത്താറുണ്ട്.

delhi cm