രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണം: ബിജെപി പ്രമേയം, സഭയില്‍ സംഘര്‍ഷം

രാഹുല്‍ ഗാന്ധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അതിനാല്‍ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം

author-image
Biju
New Update
rahul bjp

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് എംപി നിഷികാന്ത് ദുബെ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞതിനുപിന്നാലെയാണ് നടപടി. 

രാഹുല്‍ ഗാന്ധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അതിനാല്‍ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ഫെബ്രുവരി രണ്ടിന് മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവണെയുടെ അപ്രകാശിത ഓര്‍മ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചതു മുതല്‍ പാര്‍ലമെന്റില്‍ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുലിനെതിരെ നീക്കങ്ങള്‍.

ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ കേന്ദ്ര ഗവണ്‍മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവണ്‍മെന്റ് രാജ്യത്തെ വിറ്റുതുലച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാര്‍ വ്യാഴാഴ്ച പാര്‍ലമെന്റിലെ മകര്‍ ദ്വാറിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

ജനുവരി 28-ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ ആകെ 30 സിറ്റിങ്ങുകളാണുള്ളത്. ഫെബ്രുവരി 13-ന് സഭ താല്‍ക്കാലികമായി പിരിയുകയും വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകള്‍ പരിശോധിക്കുന്നതിനായി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് സമയം നല്‍കിയ ശേഷം മാര്‍ച്ച് 9-ന് വീണ്ടും ചേരുകയും ചെയ്യും. ഏപ്രില്‍ രണ്ടിന് സമ്മേളനം അവസാനിക്കും.