ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് കത്തെഴുതി ബിജെപി. തിരഞ്ഞെടുപ്പു ദിനമായ ഒക്ടോബര്‍ 1നു മുന്‍പും ശേഷമുള്ള അവധി ദിനങ്ങള്‍ ചൂട്ടിക്കാട്ടിയാണു ബിജെപിയുടെ ഹരിയാന ഘടകം നേതാവ് മോഹന്‍ ലാല്‍ ബഡോലി കത്ത് അയച്ചത്. ഈ ദിവസങ്ങളില്‍ ആളുകള്‍ അവധിദിനം ആഘോഷിക്കാന്‍ പോകുമെന്നും ഇത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നും മോഹന്‍ ലാല്‍ ബഡോലി കത്തില്‍ പറയുന്നു. ബിജെപി പരാജയം അംഗീകരിച്ചെന്നായിരുന്നു ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് ദിവസമായ ഒക്ടോബര്‍ ഒന്നിനു മുന്‍പുള്ള ദിവസങ്ങളിലും തൊട്ടടുത്ത ദിവസവും അവധി ദിനമാണെന്നു തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി അംഗമായ വരീന്ദര്‍ ഗാര്‍ഗ് പറഞ്ഞു. ''സെപ്റ്റംബര്‍ 28 ശനിയാഴ്ച പലര്‍ക്കും തിരഞ്ഞെടുപ്പ് ദിവസമായ ഒക്ടോബര്‍ ഒന്നാം തീയതിയും പിറ്റേന്നു ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടും അവധിദിനമാണ്. ഹാരാജ അഗ്രസെന്‍ ജയന്തി പ്രമാണിച്ച് ഒക്ടോബര്‍ മൂന്നാം തീയതിയും അവധിയാണ്'' എന്ന് വരീന്ദര്‍ ഗാര്‍ഗ് വിശദീകരിച്ചു. ഇത് സംബന്ധിച്ച് കത്ത് ലഭിച്ചതായി ഹരിയാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പങ്കജ് അഗര്‍വാള്‍ സ്ഥിരീകരിച്ചു.