28 വര്‍ഷത്തെ താക്കറെ ഭരണം അവസാനിച്ചു; മുംബൈ കോര്‍പ്പറേഷന്‍ പിടിച്ച് ബിജെപി

227 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 217 ഇടങ്ങളിലെ ഫലമാണ് നിലവില്‍ പുറത്ത് വന്നത്. ഇതില്‍ 116 സീറ്റുകളാണ് ബിജെപി-ശിവസേന (ഷിന്‍ഡെ വിഭാഗം) സഖ്യം സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി 88 സീറ്റുകളിലും ശിവസേന 28 സീറ്റുകളിലും ലീഡ് നേടി.

author-image
Biju
New Update
bmc

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനത്തിന്മേലുള്ള 28 വര്‍ഷത്തെ താക്കറെ കുടുംബത്തിന്റെ മേല്‍ക്കോയ്മ അവസാനിപ്പിച്ച് ബിജെപി- ഷിന്‍ഡെ സഖ്യം. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് (ബിഎംസി) നടന്ന തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു. 

227 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 217 ഇടങ്ങളിലെ ഫലമാണ് നിലവില്‍ പുറത്ത് വന്നത്. ഇതില്‍ 116 സീറ്റുകളാണ് ബിജെപി-ശിവസേന (ഷിന്‍ഡെ വിഭാഗം) സഖ്യം സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി 88 സീറ്റുകളിലും ശിവസേന 28 സീറ്റുകളിലും ലീഡ് നേടി. ഉദ്ധവ് വിഭാഗം ശിവസേന 74 സീറ്റുകളാണ് സ്വന്തമാക്കിയത്. രാജ് താക്കറെയുടെ നവനിര്‍മാണ്‍ സേന എട്ടു സീറ്റുകളും കോണ്‍ഗ്രസ് 11 സീറ്റുകളിലും ലീഡ് നേടി.

20 വര്‍ഷത്തിലേറെയായി അകന്നുനിന്നിരുന്ന ഉദ്ധവ് താക്കറെയും രാജ്താക്കറെയും ഒരുമിച്ചാണ് ഇത്തവ ബിജെപിയോട് പോരാടിയിരുന്നത്. കഴിഞ്ഞ 28 വര്‍ഷക്കാലം അവിഭക്ത ശിവസേനയുടെ ഭരണത്തിലായിരുന്നു മുംബൈ.

74,400 കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക ബജറ്റുള്ള ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (ബിഎംസി), നാലുവര്‍ഷം വൈകിയാണ് തിരഞ്ഞെടുപ്പ് നടന്നത്.