ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുള്ള ഭരണഘടനാ ഭേദഗതി 'ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്' ബില്‍ അവതരിപ്പിക്കുമ്പോള്‍ ലോക്‌സഭയില്‍ ഹാജരാകാതിരുന്ന പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നോട്ടീസയക്കും. ബില്‍ ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ചോള്‍ ഇരുപതിലധികം ബിജെപി എംപിമാര്‍ ഹാജരുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം.
സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസംതന്നെ ബിജെപി പാര്‍ട്ടി എംപിമാര്‍ വിപ്പ് നല്‍കിയിരുന്നു. ബില്‍ അവതരണത്തിന് എംപിമാരുടെ വിട്ടുനില്‍ക്കല്‍ തടസ്സമായില്ലെങ്കിലും വിഷയത്തില്‍ സര്‍ക്കാരിന് വേണ്ടത്ര പിന്തുണയില്ലെന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
സുപ്രധാന വിഷയത്തിലെ വിട്ടുനില്‍ക്കലിന്റെ കാരണം എംപിമാര്‍ വിശദീകരിക്കേണ്ടി വരും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലുകള്‍ വിശദപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)ക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ട്.ബില്‍ അവതരണത്തിനായി നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിനെ 269 പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്തു. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും അത് പാസാക്കിയെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണ്ടി വരുമെന്നും കോണ്‍ഗ്രസ് ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.