സ്ഥാനാര്‍ഥിപ്പട്ടികയുമായി ബി.ജെ.പി; കെജ്‌രിവാളിനെതിരെ പര്‍വേഷ് സാഹിബ്

മുഖ്യമന്ത്രി അതിഷിക്കെതിരേ കല്‍കജി മണ്ഡലത്തില്‍നിന്ന് ബി.ജെ.പി നേതാവ് രമേഷ് ബിദുരി മത്സരിക്കും. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എം.പിയാണ് രമേഷ് ബിദുരി.

author-image
Prana
New Update
bjp delhi

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. ആകെയുള്ള 70 മണ്ഡലങ്ങളില്‍ 29 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ എം.പി പര്‍വേഷ് സാഹിബ് സിങ് വര്‍മയാണ് മത്സരിക്കുന്നത്.
നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരേ കല്‍കജി മണ്ഡലത്തില്‍നിന്ന് ബി.ജെ.പി നേതാവ് രമേഷ് ബിദുരി മത്സരിക്കും. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എം.പിയാണ് രമേഷ് ബിദുരി.
ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് ബിജ്വാസര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. ഷീലാ ദീക്ഷിത് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലവ്‌ലി ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധിനഗര്‍ സീറ്റില്‍നിന്ന് ബി.ജെ.പിക്കായി മത്സരിക്കും. കഴിഞ്ഞ വര്‍ഷമാണ് അരവിന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. അതേസമയം ഡല്‍ഹി ബി.ജെ.പി അധ്യക്ഷനായ വീരേന്ദ്ര സച്‌ദേവ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചന.
ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. ഫെബ്രുവരി 15നാണ് ഡല്‍ഹി നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 2020ല്‍ എഴുപതില്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്.

 

BJP candidate aam admi party delhi assembly election