ഡൽഹി: ഹരിയാനയിലെ പത്ത് മേയർ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒമ്പതിടത്തും ബിജെപിക്ക് വമ്പൻ ജയം. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ ഭൂപീന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ ഗുരുഗ്രാമും റോഹ്തക്കും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മേയർ സ്ഥാനങ്ങളിലേക്കാണ് ഇത്തവണയും ബിജെപി വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വിമത ബിജെപി നേതാവ് ഡോ ഇന്ദർജിത് യാദവാണ് വിജയിച്ച മറ്റൊരാൾ.
ബിജെപിയുടെ വലിയ വിജയത്തിൽ മുഖ്യമന്ത്രി നയാബ് സിങ് സൈനി വോട്ടർമാർക്ക് നന്ദി പറഞ്ഞു. കടുത്ത മത്സരമാണ് ഇക്കുറി ഹരിയാനയിൽ നടന്നത്.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, രാജസ്ഥാൻ മുഖ്യമന്ത്രി തുടങ്ങിയവരെ ബിജെബി പ്രചാരണത്തിനിറക്കി. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും ഹൂഡയുമായിരുന്നു കോൺഗ്രസിന്റെ താര പ്രചാരകർ.
നിലവിലെ മേയർ ബിജെപിയുടെ രാജ് റാണി കോൺഗ്രസിന്റെ സീമ പഹുജയെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. റോഹ്തക് മേയർ സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ബിജെപിയുടെ രാം അവതാർ വിജയിച്ചു. ഹൂഡയുടെ ശക്തികേന്ദ്രമായതിനാൽ ഫലം കോൺഗ്രസിന് വലിയ തിരിച്ചടിയായി. അംബാലയിൽ ബിജെപിയുടെ ഷൈലജ സച്ച്ദേവ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.