മുംബൈ: ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാകക്ഷി യോഗത്തിൽ അംഗീകാരം ലഭിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പായി ആശിഷ് ശീലർ ചുമതല വഹിക്കും. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ ആസാദ് മൈതാനത്തു പുരോഗമിക്കുകയാണ്.നിയമസഭാകക്ഷിയോഗത്തിന് മുമ്പായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഫഡ്‌നാവിസിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കിയിരുന്നു.മഹായുതി നേതാക്കള്‍ ഇന്ന് വൈകീട്ട് 3.30 ന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് സുധീര്‍ മുന്‍ഗാതിവര്‍ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. സംസ്ഥാന ചരിത്രത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ നേട്ടമാണിത്. ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയെങ്കിലും ശിവസേനയുമായുള്ള തർക്കത്തെത്തുടർന്നാണ് സർക്കാർ രൂപീകരണം നീണ്ടു പോയത്.
നിയമസഭയിൽ ഭൂരിപക്ഷത്തിലെത്താൻ ബിജെപിക്ക് ഇപ്പോൾ സഖ്യ കക്ഷികളിൽ ഒരാളെ മാത്രമേ ആവശ്യമുള്ളു എന്നതിനാൽ ശക്തമായ വിലപേശൽ നടത്താൻ കഴിഞ്ഞില്ല.ഒടുവിൽ സർക്കാർ രൂപീകരണത്തിൽ താനൊരു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മുഖ്യമന്ത്രി സ്ഥാനത്തേക്കെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് ഷിൻഡെ പരസ്യമായി പറഞ്ഞു.11 ദിവസത്തെ സസ്പെന്സിനു വിരാമമിട്ടു കൊണ്ടാണ് ബിജെപി കോർ കമ്മറ്റി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതു
54 കാരനായ ഫഡ്‌നാവിസ് ഇതു മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. 2014 മുതല്‍ 2019 വരെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നത്.2019 മുതല്‍ 2022 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്നു. 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്നിട്ടുണ്ട്. 2019 ല്‍ മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയനാടകത്തിനൊടുവില്‍ അഞ്ചുദിവസം മുഖ്യമന്ത്രിയായിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ മഹായുതി സര്‍ക്കാരില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നു.