ന്യൂഡല്‍ഹി: 2025 ജൂണ്‍ 12ന് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ വിമാനത്തിനു സാങ്കേതിക തകരാര്‍ നേരത്തേ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റിയാണ് (എഫ്എഎസ്) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടത്തില്‍പ്പെട്ട വിമാനം മുന്‍പും ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും എഫ്എഎസ് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
അന്വേഷണത്തില്‍ ലഭിച്ച രേഖകള്‍ പരിശോധിച്ചാണ് വിമാനത്തിനു അപകടത്തിനു മുന്‍പേ തകരാറുകള്‍ ഉണ്ടായിരുന്നെന്ന കണ്ടെത്തലിലേക്ക് തങ്ങളെത്തിയതെന്നാണ് എഫ്എഎസ് അവകാശപ്പെടുന്നത്. 2013 അവസാനമാണ് അപകടത്തില്‍പ്പെട്ട ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ആദ്യമായി പറക്കല്‍ നടത്തിയത്. 2014 ന്റെ ആരംഭത്തില്‍ എയര്‍ ഇന്ത്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി. സര്‍വീസില്‍ ഉള്‍പ്പെടുത്തിയ ആദ്യ ദിവസം മുതല്‍ വിമാനത്തിന് സിസ്റ്റം തകരാറുകള്‍ സംഭവിച്ചിരുന്നെന്നും എഫ്എഎസ് ആരോപിക്കുന്നു.
സോഫ്റ്റ്വെയര്‍ തകരാറുകള്‍, സര്‍ക്യൂട്ട്, പവര്‍ സിസ്റ്റം, ഇലക്ട്രോണിക്‌സ് തകരാറുകളാണ് ഉണ്ടായിരുന്നത്. 2022 ജനുവരിയില്‍ വിമാനത്തിന്റെ പവര്‍ ഡിസ്ട്രിബ്യൂഷന്‍ പാനല്‍ ചൂടുപിടിച്ചതായും കണ്ടെത്തലിലുണ്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിനു മുന്‍പ് സംഭവിച്ച തകരാറുകള്‍ 2013ല്‍ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിനും സംഭവിച്ചിട്ടുണ്ട്്.
അഹമ്മദാബാദ് വിമാന അപകടത്തില്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യാണ് ഔദ്യോഗിക അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തില്‍ യുഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അപകടത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ വിമാനം പറന്നുയരുന്നതിനിടെ സംഭവിച്ച പിഴവുകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് പൈലറ്റിനു സംഭവിച്ച തെറ്റായി വ്യാഖ്യാനിച്ചത് ഏറെ വിവാദമായിരുന്നു.
കോക്പിറ്റ് വോയ്സ് റെക്കോര്‍ഡിങ് ഉള്‍പ്പെടെ തെളിവായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍. പൈലറ്റ് അസോസിയേഷനുള്‍പ്പെടെ ഇതിനെതിരെ രംഗത്തുവരികയും വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായി ആരോപിക്കുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
