'കാലാതീതമായ ഇതിഹാസം' ധര്‍മേന്ദ്രയുടെ അവസാന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

എം എല്‍ ഖേതര്‍പാലിന്റെ വേഷത്തിലാണ് നടന്‍ 'ഇക്കിസി'ല്‍ അഭിനയിക്കുന്നത്. പരം വീര ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അരുണ്‍ ഖേതര്‍പാലിന്റെ കഥയാണ് സിനിമയാകുന്നത്.

author-image
Biju
New Update
dd

ന്യൂഡല്‍ഹി: ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ പുതിയ ചിത്രം 'ഇക്കിസി'ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'കാലാതീതമായ ഇതിഹാസം' എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മാഡോക്ക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ശ്രീറാം രാഘവാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും.

എം എല്‍ ഖേതര്‍പാലിന്റെ വേഷത്തിലാണ് നടന്‍ 'ഇക്കിസി'ല്‍ അഭിനയിക്കുന്നത്. പരം വീര ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അരുണ്‍ ഖേതര്‍പാലിന്റെ കഥയാണ് സിനിമയാകുന്നത്. 'പിതാക്കന്മാര്‍ മക്കളെ വളര്‍ത്തുന്നു, ഇതിഹാസങ്ങള്‍ രാഷ്ട്രങ്ങളെ വളര്‍ത്തുന്നു' എന്നാണ് അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയാണ് അരുണ്‍ ഖേതര്‍പാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ബസന്തര്‍ യുദ്ധത്തിലാണ് സെക്കന്‍ഡ് ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാല്‍ വീരമൃത്യു വരിച്ചത്. 21-ാം വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും മരണാനന്തരം പരം വീര ചക്രം നല്‍കി രാജ്യം ആദരിച്ചു. ജയ്ദീപ് അഹ്ലാവത്, സിക്കന്ദര്‍ ഖേര്‍ എന്നിവരും ഇക്കിസില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ധര്‍മേന്ദ്ര നവംബര്‍ 12നാണ് ആശുപത്രി വിട്ടത്. തുടര്‍ ചികിത്സ വീട്ടില്‍ നല്‍കാം എന്ന് കുടുംബം തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടനെ ഡിസ്ചാര്‍ജ് ചെയ്തത്.

1960-ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധര്‍മേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളുടെ നിറസാന്നിധ്യമായിരുന്നു. ഹഖീഖത്ത്, ഫൂല്‍ ഔര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധര്‍മേന്ദ്ര ബിഗ് സ്‌ക്രീനുകള്‍ ഭരിച്ചു.