/kalakaumudi/media/media_files/2024/11/22/OaXLF417KWRX1Q6sRGFc.jpg)
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച എയര്‍ഇന്ത്യ വിമാനം തിരികെ മുംബൈയിലെത്തിച്ചു. അസര്‍ബെയ്ജാന്‍റെ ആകാശപരിധിയിലെത്തിയ ബോയിങ് 777 വിമാനമാണ് യാത്ര മതിയാക്കി തിരികെ മുംബൈയിലേയ്ക്ക് എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.മുംബൈയില്‍നിന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് തിരികെ മുംബൈയിലെത്തിച്ചത്. 303 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയതായി എയര്‍ ഇന്ത്യ പ്രതികരിച്ചു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം വീണ്ടും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.