ബോംബ് ഭീഷണി; പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായിറക്കി

പാരിസിലെ ചാൾസ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്. അടിയന്തര സാഹചര്യമായി കണക്കാക്കിയാണ് വിമാനം ഉടനെ നിലത്തിറക്കിയത്.

author-image
Anagha Rajeev
Updated On
New Update
vh
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: രാജ്യത്ത് യാത്രാവിമാനങ്ങൾക്കെതിരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു. പാരിസിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയർലൈൻസിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി-ശ്രീനഗർ വിസ്താര വിമാനത്തിനും ഇൻഡിഗോയുടെ ഡൽഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങൾക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

പാരിസിലെ ചാൾസ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്. അടിയന്തര സാഹചര്യമായി കണക്കാക്കിയാണ് വിമാനം ഉടനെ നിലത്തിറക്കിയത്. രാവിലെ 10:19-ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി.

294 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 306 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രയ്ക്കിടെ ഛർദ്ദി ഉണ്ടായാൽ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പർബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്.

ബോംബ് ഭീഷണി വിസ്താര എയർലൈൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിവരം ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജൻസികളുമായി തങ്ങൾ പൂർണമായി സഹകരിച്ചുവെന്നും വിസ്താര വ്യക്തമാക്കി.

bomb threaten