/kalakaumudi/media/media_files/2024/12/09/Iis4OpYXHldPgbNy2bLZ.jpg)
ന്യൂഡൽഹി: ഡൽഹിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി. ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നീ രണ്ടു സ്കൂളുകൾക്കാണ് ആദ്യം ബോംബ് ഭീഷണി ഉണ്ടായതു. ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്കൂള്‍ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു.
ഞായറാഴ്ച രാത്രി 11.40- ഓടെയാണ് ഇ മെയിൽ സന്ദേശം സ്കൂളിൽ എത്തിയത്.സ്കൂളിലെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.ചെറിയ ബോംബുകൾ ആണെന്നും കണ്ടെത്താൻ പ്രയാസമായിരിക്കും എന്നും സന്ദേശത്തിൽ പറയുന്നു.തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസിൽ വിവരം അറിയിച്ചത് സ്കൂളുകളിൽ പരിശോധന നടത്തിയെങ്കിലും സംശയിക്കുന്ന രീതിയിൽ ഒന്നും കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത്.
രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിനു ശേഷമാണ് വീണ്ടും സമാന സംഭവമുണ്ടാകുന്നത്. ഡൽഹിയിലെ 2 സ്കൂളുകൾക്കു നേരെയും ഹൈദരാബാദിലെ ഒരു സ്കൂളിന് നേരെയുമാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു.