യുഎപിഎ പൂര്‍ണ്ണമായും ഭരണഘടനാപരം; സാധുത ചോദ്യം ചെയ്യാന്‍ കഴിയില്ല: ബോംബെ ഹൈക്കോടതി

യുഎപിഎയുടെയും രാജ്യദ്രോഹ നിയമ വ്യവസ്ഥകളുടെയും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് അനില്‍ ബാബുറാവു ബെയ്ലെ നല്‍കിയ ഹര്‍ജി ആണ് ബോംബെ ഹൈക്കോടതി തള്ളിയത്

author-image
Biju
New Update
BOMB

മുംബൈ : നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. യുഎപിഎയെ ചോദ്യം ചെയ്യാന്‍ കഴിയില്ല. ഈ നിയമം പൂര്‍ണ്ണമായും ഭരണഘടനാപരമാണ്. കൂടാതെ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരവുമുണ്ട്. അതിനാല്‍ തന്നെ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യാന്‍ കഴിയില്ല എന്ന് ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

യുഎപിഎയുടെയും രാജ്യദ്രോഹ നിയമ വ്യവസ്ഥകളുടെയും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് അനില്‍ ബാബുറാവു ബെയ്ലെ നല്‍കിയ ഹര്‍ജി ആണ് ബോംബെ ഹൈക്കോടതി തള്ളിയത്. 2020-ലെ എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കേസിലെ യുഎപിഎയുടെ സാധുതയെ ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ ഭേദഗതി ചെയ്യുകയും ഈ നിയമങ്ങള്‍ അതിരുകടന്നതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നും തനിക്ക് നല്‍കിയ എന്‍ഐഎ നോട്ടീസ് റദ്ദാക്കണമെന്നും ആയിരുന്നു ഹര്‍ജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

ഹര്‍ജിക്കാരന്റെ വാദങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ ബെഞ്ച് നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആണ് യുഎപിഎ ഭേദഗതികളെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതികള്‍ക്ക് പരിഗണിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബോംബെ ഹൈക്കോടതിയില്‍ നിന്നും ഇത്തരത്തില്‍ ഒരു സുപ്രധാനവിധി ഉണ്ടായിരിക്കുന്നത്.

 

uapa case mumbai highcourt