/kalakaumudi/media/media_files/2025/03/19/WtLKjyHZiGiWCZIBvQHQ.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിന്റേയും ധനശ്രീ വര്‍മയുടേയും വിവാഹമോചനക്കേസില്‍ കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹമോചനം അനുവദിക്കുമ്പോഴുള്ള ആറു മാസത്തെ കാലതാമസം ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
മാര്‍ച്ച് 20ന് വിവാഹമോചനക്കേസില്‍ തീരുമാനമെടുക്കണമെന്നാണ് ബോംബെ ഹൈക്കോടതി കുടുംബ കോടതിക്കു നല്‍കിയ നിര്‍ദേശം. മാര്‍ച്ച് 22 മുതല്‍ ചെഹലിന് ഐപിഎല്‍ കളിക്കേണ്ടതിനാലാണു നടപടികള്‍ നേരത്തേയാക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണു ചെഹല്‍. ആറു മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും, കുടുംബ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ജസ്റ്റിസ് മാധവ് ജാംധാറിന്റെ ബെഞ്ചാണ് ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചത്. ഫെബ്രുവരിയിലാണ് ചെഹലും ധനശ്രീയും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ആറു മാസക്കാലയളവ് ഒഴിവാക്കണമെന്ന് ആ സമയത്തു തന്നെ ഇരുവരും അഭ്യര്‍ഥിച്ചിരുന്നു.
2020 ഡിസംബറിലായിരുന്നു ചെഹലും ധനശ്രീയും വിവാഹിതരായത്. 2022 ജൂണ്‍ മുതല്‍ ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു. സെക്ഷന്‍ 13 ബി (2) പ്രകാരം വിവാഹമോചനക്കേസുകള്‍ ഫയല്‍ ചെയ്ത് ആറു മാസത്തിനു ശേഷമാണു പരിഗണിക്കുക.
ബന്ധം ഒരുമിക്കുന്നതിനുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു നടപടി. എന്നാല്‍ ചെഹലും ധനശ്രീയും രണ്ടു വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഈ രീതിക്ക് ഇളവു നല്‍കാമെന്ന നിലപാടാണ് ബോംബെ ഹൈക്കോടതി സ്വീകരിച്ചത്.
അതേസമയം എത്ര രൂപയാണ് ചെഹല്‍ ധനശ്രീക്കു ജീവനാംശമായി നല്‍കുന്നതെന്ന വിവരവും പുറത്തുവന്നു. 4.75 കോടി രൂപ ധനശ്രീക്കു നല്‍കാമെന്നാണ് ചെഹല്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെ 2.37 കോടി രൂപ കൊടുത്തിട്ടുണ്ട്. ചെഹല്‍ 60 കോടിയോളം രൂപ ധനശ്രീക്കു നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധനശ്രീയുടെ കുടുംബം ഇത്തരം വിവരങ്ങള്‍ വ്യാജമെന്നു പിന്നീടു പ്രതികരിച്ചു.