ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു.
ഞാൻ ഇവിടെ ഇറങ്ങിയ നിമിഷംതന്നെ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് ചോദിക്കുകയാണ്. പ്രതിമ തകർന്ന സംഭവത്തിൽ പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു, മഹാരാഷ്ട്രയിലെ പാല്‍ഘറിൽ വെച്ച് നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ, ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.
പ്രതിമ തകർന്നതിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ ഇന്ത്യൻ നാവിക സേന അന്വേഷണം ആരംഭിച്ചിരുന്നു. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് പ്രതിമയുടെ നിർമാണവും സ്ഥാപനവും നടന്നതെന്ന് നാവികസേന വ്യക്തമാക്കി. പ്രതിമ തകർന്ന സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്റിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.