എഫ് 35 ബി ഹാങ്ങറിലേക്ക് മാറ്റി; എയര്‍ബസ് 400 ഒമാനിലേക്ക് മടങ്ങി

ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്

author-image
Biju
New Update
4100ds

തിരുവനന്തപുരം:  എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ബ്രിട്ടനില്‍നിന്ന് വിദഗ്ധരെത്തിയ ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 തിരികെ മടങ്ങി. വിമാനം ഒമാനിലേക്കാണ് മടങ്ങുന്നതെന്നാണ് വിവരം. വിമാനത്തില്‍നിന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പുറത്തിറക്കി. 

ഇതിനുപിന്നാലെ എഫ് 35 ബി വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ചു നീക്കി. എയര്‍ ഇന്ത്യയുടെ മെയിന്റനന്‍സ് ഹാന്‍ഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസം ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ തന്നെ ഹാങ്ങറിലേക്കാണ് വിമാനം മാറ്റിയിരിക്കുന്നത്. 17 പേരടങ്ങിയ ബ്രിട്ടിഷ് സംഘമാണ് അറ്റകുറ്റപണികള്‍ക്കായി എത്തിയത്. 

ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. 

അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു. 

ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങള്‍ ഇതുവരെ ഇരുപതിലധികം തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. 

ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍, െതക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.

TRIVANDRUM AIRPORT