അതിര്‍ത്തി വഴി പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി അച്ഛനും മകനും

കാഞ്ചി ഭില്‍(47) അദ്ദേഹത്തിന്റെ ഏഴ് വയസുള്ള മകന്‍ ചമന്‍ എന്നിവരെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് സീറോ പോയിന്റില്‍ വെച്ച് പിടികൂടിയത്. ബിഎസ്എഫിന്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും ബാര്‍മര്‍ പൊലീസിന് കൈമാറി.

author-image
Biju
New Update
bsf

ജയ്പൂര്‍: അനധികൃതമായി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച് അച്ഛനും മകനും. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവരെ ബിഎസ്എഫ് പിടികൂടി. 

കാഞ്ചി ഭില്‍(47) അദ്ദേഹത്തിന്റെ ഏഴ് വയസുള്ള മകന്‍ ചമന്‍ എന്നിവരെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് സീറോ പോയിന്റില്‍ വെച്ച് പിടികൂടിയത്. ബിഎസ്എഫിന്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും ബാര്‍മര്‍ പൊലീസിന് കൈമാറി. 

പാക്കിസ്ഥാനിലെ തര്‍പ്പാര്‍ക്കര്‍ ജില്ലയില്‍ നിന്നുള്ള വ്യക്തിയാണ് കാഞ്ചി ഭില്‍ എന്ന് അധികൃതര്‍ പറഞ്ഞു. ബാര്‍മറില്‍ തനിക്ക് ബന്ധുക്കള്‍ ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത് മതം മാറ്റത്തില്‍ നിന്ന് രക്ഷതേടിയാണ് ഇയാള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയത് എന്നാണ്. 

ഇരുവരേയും ജോയിന്റ് ഇന്ററോഗേഷന്‍ കമ്മിറ്റി(ജെഐസി) ചോദ്യം ചെയ്ത് വരികയാണെന്നും ഉടനെ തന്നെ കാര്യങ്ങള്‍ വ്യക്തമാകും എന്നും ബാര്‍മര്‍ എസ്പി നരേന്ദ്ര സിങ് മീണ പറഞ്ഞു. പല അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടുന്നതാണ് ജെഐസി. 

പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ വര്‍ഷം ഇതുവരെ ജയ്‌സാല്‍മെറില്‍ ചാരപ്രവര്‍ത്തിയുടെ പേരില്‍ നാല് പേരെ പിടികൂടിയതായാണ് വിവരം.

BSF