സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് : 7 ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചതായി സൂചന

സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജെയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചതായാണ് റിപ്പോര്‍ട്ട്.

author-image
Anitha
New Update
hadkhasekna

ശ്രീനഗര്‍: ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ അതിര്‍ത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ജമ്മു കശ്മീരിലെ സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 7 ജെയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചതായാണ് റിപ്പോര്‍ട്ട്. 

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. നുഴഞ്ഞുകയറാനുള്ള ശ്രമം ഫലപ്രദമായി പ്രതിരോധിച്ചെന്ന് ബിഎസ്എഫ് അറിയിച്ചു. ധൻധറിലെ പാകിസ്ഥാൻ പോസ്റ്റിന് നേരെ ബിഎസ്എഫ് ആക്രമണം നടത്തുന്നതിന്റെയും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വലിയ രീതിയിൽ നിലനിൽക്കുന്നതിനിടെയാണ് അതിര്‍ത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമവും ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജമ്മു, പഠാൻകോട്ട്, ഉദ്ദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ പാക് ആക്രമണത്തിന് ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടി നൽകുകയും ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ വലിയ വിജയമായിരുന്നു. മെയ് 7ന് നടത്തിയ ഓപ്പറേഷനിൽ 100ഓളം ഭീകരര്‍  കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 22ന് പഹൽഗാമിൽ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 

BSF pakisthan