/kalakaumudi/media/media_files/1pCqCuwAMLuWyxWQ5t7x.jpg)
മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 2000 മുതൽ 2011 വരെ നീണ്ട 11 വർഷക്കാലം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. ബുദ്ധദേവിനെ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസും വാർധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവർത്തനത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.ഇന്ന് രാവിലെ കൊൽക്കത്തയിഷ വെച്ചായിരുന്നു അന്ത്യം.
അടിയുറച്ച കമ്യൂണിസ്റ്റായി എക്കാലവും നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായം ആകർഷിക്കാനുള്ള നിലപാടിൻ്റെ പേരിൽ പ്രശംസയും വിമർശനവും നേരിട്ടിരുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളർന്ന ബുദ്ധദേവ് പത്ത് വർഷം റൈറ്റേഴ്സ് കെട്ടിടത്തിൽ ഇരുന്ന് പശ്ചിമ ബംഗാൾ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിർണായകമായിരുന്നു ഈ കാലം.
ജ്യോതിബസുവിൻ്റെ പിൻമുറക്കാരൻ ആരാകുമെന്നതിന് ആശയക്കുഴപ്പം പാർട്ടിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ സർക്കാരിൻ്റെ വികസന നയത്തിൽ ആശയക്കുഴപ്പം ദൃശ്യമായിരുന്നു. ഇരുപത്തിമൂന്നര വർഷത്തെ തുടർച്ചയായ കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളിൽ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്.
1966 ൽ ആണ് ബുദ്ധദേവ് ഭട്ടാചാര്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. ഡിവൈഎഫ്ഐയിലൂടെ പ്രവർത്തനം തുടങ്ങി പാർട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ൽ ആണ് ആദ്യമായി മന്ത്രിയായത്. ജ്യോതി ബസു സർക്കാരിൽ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി പിന്നീട് മുഖ്യമന്ത്രി പദത്തിൽ എത്തി.
2011 ലെ നിയമസഭ തെരഞ്ഞെപ്പിൽ വീശിയടിച്ച തൃണമൂൽ തരംഗത്തിൽ വെറും നാൽപ്പത് സീറ്റാണ് സിപിമ്മിന് കിട്ടിയത്. ജാദവ്പൂരിൽ പതിനാറായിരം വോട്ടിന് ബുദ്ധദേവ് തോറ്റത് സിപിഎമ്മിനെ മാത്രമല്ല ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു. തോൽവിക്കു ശേഷവും ബുദ്ധദേബ് സജീവമായിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഈ നേതാവിനെ അലട്ടി. മുഖ്യമന്ത്രിയായിരിക്കെയും ബാലിഗഞ്ചിലെ രണ്ടു മുറി ഫ്ളാറ്റിൽ ആയിരുന്നു ബുദ്ധദേബിൻറെ താമസം. കൊൽത്തത്തയുടെ തിയേറ്ററുകളിൽ നാടകവും സിനിമയും കാണാൻ അധികാരത്തിൻറെ ജാടകളില്ലാതെ എത്തിയിരുന്ന ഒരെയൊരു മുഖ്യമന്ത്രി അതായിരുന്നു ബുദ്ധദേവ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
